കൊറോണ : തൃശൂര്‍ ജില്ലയില്‍ 256 പേര്‍ നിരീക്ഷണത്തില്‍

Jaihind News Bureau
Tuesday, March 10, 2020

തൃശൂർ : കോവിഡ്-19 രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 256 ആയി. സ്ഥിതിഗതികൾ ജില്ലാ ഭരണകൂടം സൂക്ഷ്മമായി വിലയിരുത്തി വരികയാണ്.

നിരീക്ഷണത്തിൽ ഉള്ളവരിൽ 39 പേർ മാത്രമാണ് ആശുപത്രികളിൽ കഴിയുന്നത്. 217 പേർ വീടുകളിലാണ് നിരീക്ഷണത്തിലുളളത്. കോവിഡ് ബാധിതരായ പത്തനംതിട്ട സ്വദേശികൾക്കൊപ്പം വിമാനയാത്ര നടത്തിയ 17 പേരെ തിരിച്ചറിഞ്ഞു. ഇവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. രണ്ടുപേർ ആശുപത്രി ഐസൊലേഷൻ വാർഡിലുണ്ട്. മറ്റുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്. 4 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ പുതുതായി കൺട്രോൾ റൂം ആരംഭിച്ചു. യാത്രക്കാരെ ബോധവൽക്കരിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ ഹ്രസ്വചിത്രങ്ങളും പ്രചരണ സാമഗ്രികളും സ്റ്റേഷനിൽ പ്രദർശിപ്പിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. തൃശൂരിൽ വ്യാഴാഴ്ച തുടങ്ങാനിരുന്ന കേരള ടീമിന്‍റെ സന്തോഷ് ട്രോഫി പരിശീലന ക്യാമ്പ് മാറ്റി വെച്ചു. ഉത്സവം നടക്കുന്ന ഗുരുവായൂരിൽ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.