സംസ്ഥാനത്ത് കൊറോണ; എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കൊറോണ ബാധ സംശയിക്കുന്നവരുടെ പരിചരണത്തിനായി ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും കെ.കെ. ശൈലജ പറഞ്ഞു. തൃശൂരിൽ ഡോക്ടർമാരുൾപ്പെടെയുള്ള വിദഗ്ധരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കേരളത്തിൽ വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.

കൂടുതൽ മാസ്‌കും മറ്റ് ആവശ്യ വസ്തുക്കളും ശേഖരിക്കും. ഇതിനായി ഐഎംഎ അടക്കമുള്ള സംഘടനകളുടെ യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില മെച്ചപ്പെട്ടു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. കുട്ടിയെ തത്കാലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റില്ലെന്നും മന്ത്രി പറഞ്ഞു. രാത്രി വൈകി നടന്ന ചർച്ചകൾക്ക് ശേഷവും ജില്ലയിൽ ക്യാംപ് ചെയ്ത് പ്രവർത്തനങ്ങൾ മന്ത്രി ഏകോപിപ്പിച്ചു.

അതേസമയം കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിലും മറ്റുമായി പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളുടെയെല്ലാം ഉറവിടം കണ്ടെത്തി കർശന നടപടിയെടുക്കുമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.

https://www.youtube.com/watch?v=I_uwqJk66RM

Corona Virus
Comments (0)
Add Comment