രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കൂലി’ ദുബായിലും ഗള്‍ഫ് രാജ്യങ്ങളിലും മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആരാധകരിലേക്ക് എത്തുന്നത്. സിനിമയുടെ റിലീസിനോടനുബന്ധിച്ച് ദുബായിലെ ദെയ്റ സിറ്റി സെന്റര്‍ മാളിലെ തിയേറ്ററില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 2.30-ന് ഫാന്‍സ് ഷോ സംഘടിപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ആരാധകര്‍ കൂലിക്ക് ആവേശകരമായ വരവേല്‍പ്പ് നല്‍കിയത്.
തിയേറ്ററിലെ സ്‌ക്രീനുകളില്‍ രജനീകാന്തിന്റെ മാസ് എന്‍ട്രികള്‍ കണ്ടപ്പോള്‍ ആരാധകരുടെ ആവേശം അണപൊട്ടി. സ്‌റ്റൈലിഷായി രജനികാന്തിനെ അവതരിപ്പിച്ചതിനെ പ്രവാസികളായ ആരാധകര്‍ ഏറെ പ്രശംസിച്ചു. സംഗീത സംവിധായകന്‍ അനിരുദ്ധിന്റെ ബിജിഎമ്മും സിനിമയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കി. രജനീകാന്തിനൊപ്പം ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നടന്‍ സൗബിന്‍ ഷാഹിറിനും വലിയ പ്രേക്ഷകപ്രശംസ ലഭിച്ചു. സിനിമയുടെ ഗള്‍ഫിലെ വിതരണക്കാര്‍ പാര്‍സ് ഫിലിംസ് ആണ്.
‘കൂലി’ ഒരു പീരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. സ്വര്‍ണ്ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ, രജനികാന്തിന്റെ ‘ദേവ’ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. സാധാരണ ജീവിതം നയിക്കുന്ന ഒരു വ്യക്തിക്ക് തന്റെ സുഹൃത്തിനെ സംരക്ഷിക്കാന്‍ വേണ്ടി പഴയ ഗുണ്ടാ ജീവിതത്തിലേക്ക് മടങ്ങിവരേണ്ടി വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. രജനികാന്തിനൊപ്പം പ്രമുഖ താരങ്ങളായ നാഗാര്‍ജുന, സത്യരാജ്, ശ്രുതി ഹാസന്‍, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഇതില്‍, ആമിര്‍ ഖാന്‍ ‘ദാഹ’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
‘കൂലി’യുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്, വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് ഒരു ‘എ’ സര്‍ട്ടിഫിക്കറ്റ് സിനിമയില്‍ അഭിനയിക്കുന്നു എന്നതാണ്. ചിത്രത്തിലെ തീവ്രമായ ആക്ഷന്‍ രംഗങ്ങളാണ് ഇതിന് കാരണം. രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമകളില്‍ ഒന്നാണിത്. മലയാളിയായ ഗിരീഷ് ഗംഗാധരന്‍ ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത്. കൂടാതെ, 38 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും സത്യരാജും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കൂലി’ക്കുണ്ട്.
പ്രീ-റിലീസ് ഘട്ടത്തില്‍ തന്നെ ‘കൂലി’ റെക്കോര്‍ഡുകള്‍ ഭേദിച്ചു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, റിലീസിന് മുമ്പ് തന്നെ ചിത്രം ഏകദേശം 250 കോടി രൂപ നേടിയെടുത്തു. കേരളത്തില്‍, അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ‘കൂലി’ 6.30 കോടിയിലധികം നേടി, ഇത് മമ്മൂട്ടിയുടെ ‘ഭീഷ്മപര്‍വ്വം’ നേടിയ ആദ്യ ദിന കളക്ഷനെ മറികടന്നു. എന്നിരുന്നാലും, മോഹന്‍ലാലിന്റെ ‘എമ്പുരാന്‍’ നേടിയ 14 കോടിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുനന്നത്. രജനികാന്തിന്റെ മാസ് പ്രകടനത്തെയും അനിരുദ്ധിന്റെ സംഗീതത്തെയും പ്രേക്ഷകര്‍ പ്രശംസിച്ചപ്പോള്‍, ലോകേഷ് കനകരാജിന്റെ മുന്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കഥയുടെ കാര്യത്തില്‍ ചിലര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല എന്ന അഭിപ്രായമുണ്ടായിരുന്നു.
സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ഈ സിനിമയിലും തന്റെ മികവ് തെളിയിച്ചു. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും പ്രേക്ഷകരെ ആവേശം കൊള്ളിച്ചു. രജനികാന്തിന്റെ ‘ജയിലറി’ന് ശേഷം അനിരുദ്ധ് രജനിക്കായി സംഗീതം നല്‍കിയ ചിത്രം കൂടിയാണിത്. ‘കൂലി’യുടെ ട്രെയിലറില്‍ ഉപയോഗിച്ച പശ്ചാത്തല സംഗീതവും ‘പവര്‍ഹൗസ്’ എന്ന ഗാനവും വളരെയധികം ശ്രദ്ധ നേടി.