പാചക വാതക ടാങ്കർ അപകടം; മുന്നറിയിപ്പുമായി പോലീസ്; ഇൻവെർട്ടർ പ്രവർത്തിപ്പിക്കരുത്, ​ഗ്യാസടുപ്പ് കത്തിക്കരുത്

Jaihind Webdesk
Sunday, May 19, 2024

 

തിരുവനന്തപുരം: മംഗലപുരത്തെ പാചക വാതക ടാങ്കർ അപകടത്തിൽ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി പോലീസ്. ഇൻവെർട്ടർ പ്രവർത്തിപ്പിക്കുകയോ ​ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്നാണ് അധികൃതരുടെ കർശന നിർദ്ദേശം. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും ഗ്യാസ് മറ്റ് ലോറികളിലക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അപകടത്തെ തുടർന്ന് പളളിപ്പുറം സിആർപിഎഫ് മുതൽ മംഗലപുരം വരെയുള്ള ദേശീയ പാത വഴിയുള്ള ഗതാഗതം നിർത്തി വച്ച്, വാഹനങ്ങൾ മറ്റൊരു വഴിയിലൂടെ തിരിച്ചുവിടുകയാണ്.

ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചക വാതക സിലിണ്ടർ കയറ്റി വന്ന ലോറി മറിഞ്ഞത്. ശക്തമായ മഴയായതിനാൽ മണ്ണിൽ താഴ്ന്ന ടാങ്കർ മറിയുകയായിരുന്നു. വാതക ചോർച്ച ഇല്ലെന്നും വാഹനം ഉയർത്താൻ ശ്രമം നടക്കുകയാണെന്നും പോലീസ് അറിയിപ്പ് നൽകിയിരുന്നു. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വഴിതെറ്റി സർവ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. അപകടത്തിൽ ഡ്രൈവർ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.