സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും സര്‍ക്കാര്‍ ധൂര്‍ത്ത് ; ഓൺലൈൻ പാചക മത്സരത്തിനായി ചെലവഴിക്കുന്നത് മൂന്നര കോടിയിലധികം രൂപ | VIDEO

 

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പാചക മത്സരത്തിനായി വീണ്ടും കോടികൾ ധൂർത്തടിച്ച് ഇടത് സർക്കാർ. സംസ്ഥാനം കടക്കെണിയിൽപ്പെട്ട് നിൽക്കുമ്പോൾ മൂന്നര കോടിയിലധികം രൂപയാണ് ഓൺലൈൻ പാചക മത്സരത്തിനായി ചെലവഴിക്കുന്നത്.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തളർച്ചയിലായ കേരള ടൂറിസത്തെ സഞ്ചാരികൾക്കിടയിൽ സുപരിചിതമായി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിട്ടുള്ള ഓൺലൈൻ പാചക മത്സരത്തിനാണ് 3,32,80720 രൂപ ചെലവഴിക്കുന്നത്. കേരളത്തനിമയുള്ള വിഭവങ്ങളുടെ പാചക മത്സരം നടത്തുന്നതിനും അതിൽ നിന്നുമുള്ള നൂറു വീഡിയോകൾ കേരള ടൂറിസത്തിന്‍റെ വെബ്സൈറ്റ് വഴി പ്രചരിപ്പിക്കുന്നതിനും 4,41,44000രൂപയാണ് അദ്യം വകയിരുത്തിയത് എന്ന് ഉത്തരവിൽ പറയുന്നു.

പിന്നീട് ടൂറിസം ഡയറക്ടർ സംസ്ഥാനതല വർക്കിംഗ് ഗ്രൂപ്പിൽ അവതരിപ്പിച്ച പ്രൊപ്പോസലിൽ നിന്ന് ഗൂഗിൾ ക്ലിക്ക് ക്യാമ്പയിൻ എന്ന ഘടകത്തിന് അനുവദിച്ച തുകയിൽ കുറവ് വരുത്തിയാണ് മൂന്നര കോടിക്കടുത്ത് ചെലവഴിക്കാൻ തീരുമാനമായത്. വീഡിയോ സബ്മിഷൻ, രജിസ്ട്രേഷൻ തുടങ്ങിയവയ്ക്കായി 2 ലക്ഷം, ഗൂഗിൾ ക്ലിക്ക് ഇനത്തിൽ ഒരു കോടി 94 ലക്ഷം, ജഡ്ജിങ്ങ് കമ്മിറ്റി 6 ലക്ഷം, കേരളത്തനിമയുള്ള സസ്യ-മാംസാഹാര വിഭവങ്ങളെ കുറിച്ച് വിവരിക്കുന്ന രണ്ട് ബുക്കുകൾക്ക് 10 ലക്ഷം, മത്സരത്തിൽ വിജയികളാകുന്ന പത്ത് കുടുംബങ്ങൾക്ക് സമ്മാനമെന്ന നിലയിലുള്ള ടൂർ പാക്കേജിന് എഴുപത് ലക്ഷം എന്നിങ്ങനെയാണ് ഇനം തിരിച്ച് ഉത്തരവിൽ ചെലവുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനു പുറമേ എല്ലാ ഇനത്തിനും വൻ തുക ജി.എസ്.ടിയായും നൽകുന്നു. വരുന്ന ഒരു വർഷക്കാലത്തേക്ക് സർക്കാർ ചെലവ് ചുരുക്കണമെന്ന് ഈ മാസം 16 ന് ചേർന്ന മന്ത്രിസഭാ യോഗ തീരുമാനം അട്ടിമറിച്ചാണ് ഉത്തരവ് ഇറങ്ങിയിട്ടുള്ളത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ആറു മാസത്തേക്ക് കൂടി നീട്ടാനിരിക്കുന്നതിനിടെ
ടൂറിസത്തിന്‍റെ  മറവിൽ കോടികൾ ധൂർത്തടിച്ച് സർക്കാർ ഓൺ ലൈൻ പാചക മത്സരത്തിന് പച്ചക്കൊടി കാട്ടിയത് ഏറെ വിവാദങ്ങൾക്കാവും വഴിയൊരുക്കുക.

 

https://www.facebook.com/JaihindNewsChannel/videos/329924334742564

Comments (0)
Add Comment