മന്ത്രി വീണയുടെ ഭർത്താവിന്‍റെ കെട്ടിടവുമായി ബന്ധപ്പെട്ട വിവാദം; പ്രതിഷേധ മാർച്ച് നടത്തി കോണ്‍ഗ്രസ്

Jaihind Webdesk
Saturday, June 29, 2024

 

പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുന്നിലെ ഓടയുടെ അലൈൻമെന്‍റില്‍ മാറ്റം വരുത്തിയതിനെതിരെ കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ച്. രാഷ്ട്രീയ സ്വാധീനത്താൽ ഓട അലൈൻമന്‍റ് മാറ്റി തന്നെ നിർമ്മിക്കുന്നതിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു.

സിപിഎം ജില്ലാ കമ്മിറ്റിയംഗവും പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.കെ. ശ്രീധരനാണ് മന്ത്രിയുടെ ഭർത്താവിനെതിരെ ആദ്യം പരാതി ഉയർത്തിയത്. ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതിരോധത്തിലായതോടെ സിപിഎം ശ്രീധരനോട് വിശദീകരണം തേടിയിരുന്നു. ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി സംരക്ഷിക്കുന്നതിനായി സിപിഎമ്മിന്‍റെയും പൊതുമരാമത്ത് വകുപ്പിന്‍റെയും വഴിവിട്ട സഹായം ലഭിച്ചതായി ശ്രീധരന്‍ ആരോപിച്ചു. ഇതോടെ സിപിഎം ജില്ലാ നേതൃത്വവും വെട്ടിലായി.

ഏഴങ്കുളം കൈക്കൊട്ടൂര്‍ റോഡരികില്‍ കൊടുമണ്‍ സ്‌റ്റേഡിയത്തിന് എതിര്‍വശം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് മുന്നിലുള്ള ഓടയാണ് അലൈന്‍മെന്‍റ് മാറ്റി നിര്‍മ്മിക്കാന്‍ നീക്കം നടന്നത്. ഇത് പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം നേതാവ് കൂടിയായ കെ.കെ. ശ്രീധരനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. മന്ത്രിയുടെ ഭര്‍ത്താവ് ഭരണ സ്വാധീനം ഉപയോഗിച്ച് അലൈന്‍മെന്‍റ് മാറ്റാന്‍ നടത്തുന്ന നീക്കത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.