കൃഷി മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ നെൽവയൽ- തണ്ണീർത്തട നിയമം ലംഘിച്ച് വയൽ നികത്താനുള്ള നീക്കം വിവാദത്തിൽ

Jaihind News Bureau
Wednesday, December 4, 2019

കൃഷി മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ നെൽവയൽ- തണ്ണീർത്തട നിയമം ലംഘിച്ച് വയൽ നികത്താനുള്ള നീക്കം വിവാദത്തിൽ. തൃശൂർ പുഴയ്ക്കൽ പാടത്ത് സ്വകാര്യ വ്യക്തിക്ക് 19 ഏക്കർ നിലം നികത്താനുള്ള അനുമതിക്കാണ് നീക്കം നടക്കുന്നത്. ബസ് സ്റ്റാൻഡ് നിർമാണത്തിന്‍റെ മറവിലാണ് തൃശൂർ കോർപ്പറേഷന്‍റെ വഴി വിട്ട നടപടികൾ.

ചാവക്കാട് രായംമരയ്ക്കാർ വീട്ടിൽ ആർ.വി. ഹിമാമുദീനാണ് നിലം നികത്താനുള്ള അപേക്ഷയുമായി തൃശൂർ കോർപ്പറേഷനെ സമീപിച്ചത്. പുഴക്കൽ പാടത്ത് ഇയാളുടെ കൈവശമുള്ള 19 ഏക്കർ ഭൂമിയിൽ മൂന്നര ഏക്കർ കോർപ്പറേഷന് ബസ് സ്റ്റാൻഡ് നിർമാണത്തിന് സൗജന്യമായി വിട്ടു നൽകാമെന്നാണ് വാഗ്ദാനം. പകരം ബാക്കി പതിനഞ്ചര ഏക്കറിൽ നിലം നികത്തി കെട്ടിട നിർമാണത്തിന് അനുമതി നൽകണമെന്നാണ് അപേക്ഷയിലെ ആവശ്യം. ഇതനുസരിച്ച് തുടർ നടപടികളുമായി ഇടത് നിയന്ത്രണത്തിലുള്ള ഭരണ സമിതി മുന്നോട്ട് പോയി. കൗൺസിലിൽ അജണ്ട എത്തിയപ്പോൾ പ്രതിപക്ഷം ശക്തമായി എതിർത്തു. ഇത് തള്ളിയ മേയർ ഈ അജണ്ട മാറ്റി വെയ്ക്കുന്നതായി മാത്രം അറിയിച്ച് കൗൺസിൽ യോഗം പിരിച്ച് വിട്ടു.

തൃശൂർ നഗരത്തിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിൽ ഒന്നാണ് പുഴക്കൽ പാടം. കഴിഞ്ഞ രണ്ട് പ്രളയ കാലങ്ങളിലും ഈ പ്രദേശത്തെ പതിനായിരങ്ങൾ അനുഭവിച്ച ദുരിതത്തിന് കണക്കില്ല. പേരിൽ തന്നെ പുഴയും പാടവുമുള്ള, നെൽവയൽ- തണ്ണീർത്തട നിയമത്തിന്റെ പരിധിയിൽ വരുന്ന ഈ പ്രദേശത്തെ ഏത് നിർമാണവും ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കും. ഈ സാഹചര്യത്തിലും നിലം നികത്താനുള്ള നീക്കവുമായി മുന്നോട്ട് പോകുന്ന ഇടത് ഭരണ സമിതിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം .