അർഹരെ തള്ളി മന്ത്രിപുത്രന് വഴിവിട്ട നിയമനം ; കടകംപള്ളി സുരേന്ദ്രന്‍റെ മകന്‍റെ നിയമനം വിവാദത്തില്‍

Jaihind News Bureau
Wednesday, June 24, 2020

 

ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി വീണ്ടും പിണറായി സർക്കാർ. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മകനെ സംസ്ഥാന സർക്കാറിന് കീഴിലുള്ള എനർജി മാനേജ്‌മെന്‍റിൽ ജോലിക്ക് നിയമിച്ചത് മാനദണ്ഡങ്ങള്‍ മറികടന്നെന്ന് ആരോപണം. പി.എസ്.സി വഴി നിയമനം നടക്കേണ്ട തസ്തികയിലാണ് യോഗ്യരായ നിരവധി പേരെ തള്ളി അനൂപ് സുരേന്ദ്രനെ  തിരുകിക്കയറ്റിയിരിക്കുന്നത്.

ഇടതു സർക്കാരിനെതിരായ ബന്ധു നിയമന വിവാദങ്ങൾ തുടരുന്നതിനിടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മകന് ചട്ടവിരുദ്ധമായി നിയമനം നൽകിയത്. മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ സ്ഥാപനത്തിലാണ് ചട്ടങ്ങൾ കാറ്റിൽ പറത്തി മകന് നിയമനം നല്‍കിയിരിക്കുന്നത്. എനർജി ടെക്‌നോളജിസ്റ്റ് ബി ഗ്രേഡിലാണ് അനൂപ് സുരേന്ദ്രനെ നിയമിച്ചിരിക്കുന്നത്. 39,500 –  83,000 രൂപ വരെയാണ് ഈ തസ്തികയിലെ ശമ്പളം. ഒരു വർഷത്തേക്കാണ് നിയമനം നടത്തേണ്ടതെന്നതിരിക്കെ അഞ്ച് വർഷത്തേക്ക് നിയമനം നടത്തിയത് സ്ഥിരം നിയമനം ലക്ഷ്യമിട്ടാണെന്നും ആക്ഷേപമുണ്ട്.

പി.എസ്.സി വഴി നിയമനം നടക്കുന്ന തസ്തികയിലേക്കാണ് ബിടെക്കും രണ്ട് വർഷത്തെ പരിചയവും മാത്രമുള്ള അനൂപ് സുരേന്ദ്രന് നിയമനം നൽകിയത്. എം ടെക് യോഗ്യത ഉള്ളവർ പോലും ഈ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നതായാണ് വിവരം. നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടിരിക്കെയാണ് എകപക്ഷീയമായ ഈ ഇടപെടൽ. കൂടുതൽ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരെയും തഴഞ്ഞതിനെതിരെ ഉദ്യോഗാർത്ഥികൾക്കിടയിൽ അമർഷം ശക്തമാണ്. നേരത്തെ വ്യവസായ വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ തന്‍റെ ബന്ധുവിനെ നിയമിക്കാൻ മന്ത്രി ഇ.പി ജയരാജൻ നടത്തിയ ശ്രമത്തെ തുടർന്ന് അദ്ദേഹത്തിന് മന്ത്രിപദവി രാജിവെക്കേണ്ടി വന്നിരുന്നു. മന്ത്രി കെ.ടി ജലീലിനെതിരെയും ബന്ധുനിയമന വിവാദവും പിണറായി സർക്കാരിനെ ഉലച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും സമാനമായ ആക്ഷേപം ഉയർന്നിരിക്കുന്നത്.