കരിങ്കല്‍ മാഫിയക്ക് അനുകൂലമായി റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവ് വിവാദത്തില്‍. റവന്യൂ മന്ത്രി അറിയാതെ വകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇതേത്തുടര്‍ന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് ഉത്തരവ് നടപ്പിലാക്കരുതെന്ന് റെവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
സർക്കാർ പതിച്ചുനൽകിയ ഭൂമിയില്‍ കരിങ്കല്‍ ഖനനം ആകാമെന്നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി വേണു ഉത്തരവിറക്കിയത്. റവന്യൂ മന്ത്രിയുടെയും നിയമവകുപ്പിന്റെയും അനുമതിയില്ലാതെയാണ് റവന്യൂ സെക്രട്ടറി ഖനനാനുമതി നൽകിക്കൊണ്ട് തിടുക്കപ്പെട്ട് ഉത്തരവിറക്കിയത്. ഇത് ക്വാറി മാഫിയകളെ സഹായിക്കാനാണെന്നാണ് ഉയരുന്ന ആരോപണം. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന് ഇടപെട്ടു. തുടര്‍ന്ന് റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കരുതെന്ന് മന്ത്രി നിര്‍ദേശം നല്കി.
മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്കാന് തീരുമാനിച്ചത്. നിര്‍മാണ വസ്തുക്കളുടെ ക്ഷാമം മുന്‍നിര്‍ത്തിയായിരുന്നു തീരുമാനം. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ വീടു വെക്കാനോ കൃഷി ചെയ്യാനോ മാത്രമാണ് അനുവാദമുളളത്. ഈ ചട്ടം ഭേദഗതി ചെയ്യാനായിരുന്നു മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചത്. ഒരു ചട്ടം ഭേദഗതി ചെയ്യണമെങ്കില്‍ ആദ്യം ഭേദഗതി ചട്ടം തയാറാക്കണം തുടര്‍ന്ന് വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കണം. പിന്നീട് നിയമ വകുപ്പ് പരിശോധിച്ച ശേഷമാണ് ഉത്തരവിറക്കേണ്ടത്. എന്നാല്‍ ഈ നടപടിക്രമങ്ങളൊന്നും പാലിക്കാതെ തന്നെ അനുമതി നല്‍കിക്കൊണ്ട് റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഉത്തരവിറക്കിയത് നടപ്പാക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചു.
ചട്ടം ഭേദഗതി ചെയ്യുകയോ തുടര്‍ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യുന്നതിന് മുമ്പ് റവന്യൂ സെക്രട്ടറി തിടുക്കപ്പെട്ട് ഉത്തരവിറക്കിയതിനെതിരെ ആരോപണവും ശക്തമാവുകയാണ്. ക്വാറി മാഫിയകളുടെ സ്വാധീനമാണ് റവന്യൂ സെക്രട്ടറിയുടെ നീക്കത്തിന് പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനെ തുടര്‍ന്നാണ് മന്ത്രി ഇ ചന്ദ്രശേഖരന് വിഷയത്തില്‍ ഇടപെട്ടത്. ചട്ടം ഭേദഗതി ചെയ്യും വരെ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് കളക്ര്‍ടമാര്‍ക്ക് നിര്‍ദേശം നല്‍കാനും മന്ത്രി വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. തന്റെ അറിവോടുകൂടി മാത്രമേ ഉത്തരവ് പുറപ്പെടുവിക്കാവൂ എന്ന കര്‍ശന നിര്‍ദേശവും മന്ത്രി നല്‍കിയിട്ടുണ്ട്.