
മസ്‌കറ്റ്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഒമാന്‍ സന്ദര്‍ശനത്തിനിടെ നടന്ന സാംസ്‌കാരിക ഘോഷയാത്ര വിവാദമായതിനെ തുടര്‍ന്ന്, രാജ്യത്ത് പൊതുപരിപാടികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ വരുമെന്ന ആശങ്കയില്‍ പ്രവാസി കൂട്ടായ്മകള്‍. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് (വെള്ളിയാഴ്ച) നടക്കേണ്ടിയിരുന്ന ഒരു മലയാളി കൂട്ടായ്മയുടെ പൊതുപരിപാടിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു.
പിണറായി വിജയന്‍ പങ്കെടുത്ത ഘോഷയാത്രയില്‍ അവതരിപ്പിച്ച കേരള പൊലീസിന്റെ വേഷം, മാലയിട്ട കാള തുടങ്ങിയ പ്രതീകാത്മക ദൃശ്യങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. മിഡില്‍ ഈസ്റ്റിലെ പൊതു ഇടങ്ങളില്‍ പാലിക്കേണ്ട സാംസ്‌കാരികവും നിയമപരവുമായ അതിരുകള്‍ ലംഘിക്കപ്പെട്ടു എന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഒമാനിലെ പ്രവാസി അസോസിയേഷനുകളുടെ ഭാവി പ്രവര്‍ത്തനങ്ങളെ ഇത് ദോഷകരമായി ബാധിക്കുമോ എന്ന ആശങ്ക വ്യാപകമായിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങള്‍ വന്നാല്‍, പ്രവാസി സംഘടനകളുടെ സാംസ്‌കാരികവും സാമൂഹികവുമായ ഒത്തുചേരലുകള്‍ നടത്താന്‍ സാധിക്കാതെ വരും. വിഷയം ഒമാനിലെ മലയാളി സമൂഹത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്.