കുഞ്ഞനന്തന്‍റെ ഫോട്ടോ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആക്കിയ പൊലീസുകാരുടെ നടപടി വിവാദത്തില്‍; ചട്ടലംഘനത്തിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്

Jaihind News Bureau
Saturday, June 13, 2020

കണ്ണൂർ : ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കവെ മരിച്ച പി.കെ കുഞ്ഞനന്തന്‍റെ ഫോട്ടോ പൊലീസ് ഉദ്യോഗസ്ഥർ വാട്‌ട്സ് ആപ്പ് സ്റ്റാറ്റസ് ആക്കിയത് വിവാദത്തിൽ. കണ്ണൂർ ഡി.വൈ.എസ്.പിയുടെ ഗൺമാൻ ഉൾപ്പടെയുളള ഇടതുപക്ഷ അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥരാണ് കുഞ്ഞനന്തന്‍റെ ഫോട്ടൊ സ്റ്റാറ്റസ് ആക്കുകയും ഫേസ്ബുക്കിൽ അനുശോചന കുറിപ്പ് ഇടുകയും ചെയ്തത്. പൊലീസുകാർക്കെതിരെ പരാതിയുമായി കണ്ണൂർ ഡി.സി.സി.

ടി.പി ചന്ദ്രശേഖരൻ വധകേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന പി.കെ കുഞ്ഞനന്തന്‍റെ മരണവാർത്ത പുറത്തുവന്നതോടെയാണ് കണ്ണൂരിലെ സി.പി.എം അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥർ പി.കെ കുഞ്ഞനന്തന്‍റെ ഫോട്ടൊ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആക്കി ആദരാഞ്ജലി കുറിപ്പ് എഴുതുകയും ഫേസ്ബുക്കിൽ അനുശോചന കുറിപ്പ് ഇടുകയും ചെയ്തത്. ‘ഫാസിസ്റ്റ് ഭീകരതക്കെതിരെ പ്രതിരോധത്തിന്‍റെ കോട്ടമതിൽ തീർത്ത ധീരനായ പോരാളിക്ക് ലാൽസലാം’ എന്നാണ് റനീഷ് ഒ.പി കാഞ്ഞിരങ്ങാടിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. കെ.എ.പി നാലാം ബറ്റാലിയനിലെ പൊലീസ് അസോസിയേഷൻ സെക്രട്ടറിയാണ് റനീഷ്.

കണ്ണൂർ ഡിവൈ.എസ്.പിയുടെ ഗൺമാനായ റമീസും കുഞ്ഞനന്തന് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റിട്ടു. സി.പി.ഒമാരായ അഖിൽ മേലെക്കണ്ടി, സിഗിൻ, നിഖിൽ സാരംഗ്, ഉണ്ണി എന്ന് വിളിക്കുന്ന രജീഷ്, പ്രജീഷ് റാം എന്നിവരും ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച കൊലക്കേസ് പ്രതിക്ക് ആദരാഞ്ജലി അർപ്പിച്ച് വാട്ട്സ് ആപ്പിൽ ഒരേ ഫോട്ടോ സ്റ്റാറ്റസ് ആയി ഇട്ടത്. പൊലീസ് സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് ശിക്ഷിക്കപ്പെട്ട കൊലക്കേസ് പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുന്നതിലൂടെ പൊലീസ് ഉദ്യോഗസ്ഥർ ചെയ്തിരിക്കുന്നത്.

രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോ പൊലീസ് ഉദ്യോഗസ്ഥർ പ്രചരിപ്പിക്കുന്നത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണ്. പൊലീസ് അസോസിയേഷൻ ഭാരവാഹി ആണെങ്കിലും യാതൊരു വിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പ്രത്യക്ഷമായോ, പരോക്ഷമായോ പങ്കെടുക്കാൻ പാടില്ലെന്നാണ് ചട്ടം. ഇതിന്‍റെയും ലംഘനമാണ് നടന്നിരിക്കുന്നത്. നേരത്തെ മുഴക്കുന്ന് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മോഹനൻ മൈലപ്ര ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ ഫേസ് ബുക്കിൽ ഷെയർ ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല.

teevandi enkile ennodu para