ബ്രൂവറി: നാഥനില്ലാത്ത പത്രക്കുറിപ്പ് ആരുടേത്? ഉത്തരം മുട്ടി സർക്കാർ

ബ്രൂവറി വിഷയത്തിൽ എക്‌സൈസ് വകുപ്പിന്‍റേതായി പുറത്തിറങ്ങിയ ‘പത്രക്കുറിപ്പ്’ വകുപ്പ് പുറത്തിറക്കിയതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും ഇത് എവിടെ നിന്ന് പുറത്തിറങ്ങിയെന്ന് അന്വേഷിക്കാതെ സർക്കാർ. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ പരാതിയിൽ ആഭ്യന്തരവകുപ്പ് ഇതുവരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല. ബ്രൂവറികൾക്ക് അനുമതി നൽകിയതിന്‍റെ പേരിൽ വിവാദമുണ്ടായപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയായാണ് ‘അടിതെറ്റിവീണ് പ്രതിപക്ഷ നേതാവ്’ എന്ന തലക്കെട്ടിലുള്ള എക്‌സൈസ് വകുപ്പിന്‍റെ പേരിൽ പത്രക്കുറിപ്പ് ഇറങ്ങിയത്. ഇതിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയാണ് ഉൾപ്പെടുത്തിയിരുന്നത്. വെള്ളക്കടലാസിൽ തയാറാക്കിയ പത്രക്കുറിപ്പിൽ എക്‌സൈസ് മന്ത്രിയുടേയോ ഉദ്യോഗസ്ഥരുടേയോ പേര് ഉൾപ്പെടുത്തിയിരുന്നില്ല.

തുടർന്ന് പ്രതിപക്ഷ നേതാവിനെ അപമാനിച്ചതായി കാട്ടി അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിനെതിരെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ഉപനേതാവ് കെ.സി ജോസഫ് എം.എൽ.എ അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നു. വിഷയം സ്പീക്കറുടെ മുന്നിലെത്തുകയും നിയമനടപടികൾ നേരിടേണ്ടിവരുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തതോടെയാണ് പത്രക്കുറിപ്പ് ഇറക്കിയ ആളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തരവകുപ്പിന് കത്ത് നൽകിയത്. ഇതോടൊപ്പം വകുപ്പിനുള്ളിലും അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് പത്രക്കുറിപ്പ് ഇറക്കിയത് എക്സൈസ് വകുപ്പല്ലെന്ന് തെളിഞ്ഞത്. വകുപ്പിന് ഉത്തരവാദിത്വമില്ലെന്ന് വ്യക്തമായതോടെ പത്രക്കുറിപ്പിന് പിന്നില്‍ ആരെന്ന ചോദ്യമാണ് ഉയരുന്നത്.

ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്ക് ആരുടെയും പേരില്ലാതെ മറുപടി ഇറങ്ങിയതോടെ പത്രസമ്മേളനം വിളിച്ച അദ്ദേഹം താൻ എക്‌സൈസ് മന്ത്രിയോടാണ് മറുപടി ആവശ്യപ്പെട്ടതെന്നും എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ കൊണ്ട് മറുപടി പറയിപ്പിച്ചത് തന്നെ അപമാനിക്കലാണെന്നും വ്യക്തമാക്കിയതോടെ എക്‌സൈസ് വകുപ്പിനും മന്ത്രിക്കും ഉത്തരം മുട്ടി. തുടർന്നാണ് ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി ആഭ്യന്തരവകുപ്പിന് കത്ത് നൽകിയത്.

brewerypress release
Comments (0)
Add Comment