ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്‌ഐ നേതാക്കളുടെ ആക്രമണത്തിനിരയായ വിനേഷ് എന്ന യുവാവിന്റെ ആരോഗ്യനില അതീവ ഗുരുതരം. വിനേഷിനെ 48 മണിക്കൂര്‍ നേരത്തേക്ക് വെന്റിലേറ്ററില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരിക്കുകയാണ്. വിനേഷിന്റെ ശരീരത്തില്‍ ധാരാളം പരിക്കുകളുണ്ടെന്നും, തലക്കേറ്റ മുറിവുകള്‍ അതീവ ഗുരുതരമാണെന്നും പോലീസ് വ്യക്തമാക്കി. പനയൂര്‍ സ്വദേശിയായ വിനേഷ്, ഡിവൈഎഫ്‌ഐ മുന്‍ മേഖലാ സെക്രട്ടേറിയറ്റ് അംഗമാണ്.
സംഭവത്തെ തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എം.ആര്‍. മുരളിയുടെയും പ്രാദേശിക നേതാക്കളുടെയും നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി. ആക്രമണം വ്യക്തിപരമായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് സംഭവിച്ചതെന്നാണ് സിപിഎം പ്രതികരിച്ചത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. ഇന്നലെ രാത്രി വാണിയംകുളത്താണ് സംഭവം നടന്നത്. മര്‍ദ്ദനമേറ്റ് അവശനായ വിനേഷിനെ അജ്ഞാതര്‍ ഓട്ടോയില്‍ വീട്ടില്‍ കൊണ്ടുവിട്ടപ്പോഴാണ് വീട്ടുകാര്‍ രക്തത്തില്‍ കുളിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വിവരമനുസരിച്ചാണ് പോലീസ് കേസ് എടുത്തത്.
അതിനിടെ, കേസിലെ പ്രതികളായ രണ്ടുപേര്‍ കോഴിക്കോട് വെച്ച് പിടിയിലായതായി സൂചനയുണ്ട്. ഷൊര്‍ണൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഇവരെ ഷൊര്‍ണൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയതെന്നാണ് വിവരം.