പത്തനംതിട്ട : പത്തനംതിട്ട റാന്നിയില്‍ ബിവറേജസ് കോര്‍പ്പറേഷന് മുന്നില്‍ ഇരു സംഘങ്ങള്‍ തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. റാന്നി കീക്കൊഴുരില്‍ വാടകക്ക് താമസിക്കുന്ന അമ്പാടി ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി റാന്നിയിലെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റിന് സമീപം ഇരു സംഘങ്ങള്‍ തമ്മില്‍ നടന്ന വാക്കേറ്റത്തിനും സംഘര്‍ഷത്തിനും തുടര്‍ച്ചയായാണ് മന്ദമരുതിയില്‍ വച്ച് യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവമുണ്ടായത്. പിക്കപ്പ് വാനില്‍ കൈതച്ചക്ക കച്ചവടം നടത്തി വന്ന അമ്പാടിയാണ് കൊല്ലപ്പെട്ടത്.
ബിവറേജസ് കോര്‍പ്പറേഷന് സമീപം നടന്ന വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ശേഷം മടങ്ങിപ്പോയ ഇരു സംഘങ്ങളും പിന്നീട് രണ്ട് കാറുകളിലായി മന്ദമരുതിയിലെത്തി. തുടര്‍ന്ന് അമ്പാടി കാറില്‍ നിന്നിറങ്ങിയപ്പോള്‍ മാരുതി സിഫ്റ്റ് കാറില്‍ വന്ന എതിര്‍ വിഭാഗം കാര്‍ അതിവേഗത്തില്‍ മുന്നോട്ടെടുത്ത് അമ്പാടിയെ ഇടിച്ച് തെറിപ്പിച്ച ശേഷം കടന്നുകളഞ്ഞു. അമ്പാടിക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അമ്പാടി മരണപ്പെട്ടു.
ആദ്യം ഇത് ഒരു സ്വഭാവിക വാഹനാപകമായാണ് അധികൃതര്‍ കരുതിയതെങ്കിലും അമ്പാടിക്കൊപ്പമുണ്ടായിരുന്ന യുവാക്കള്‍ ബിവറേജസ് സമീപം നടന്ന വാക്ക് തര്‍ക്കത്തിന്റെ വിവരം അറിയിച്ചതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. റാന്നി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അമ്പാടിയെ ഇടിച്ചിട്ട വാഹനം ഓടിച്ചത് അരവിന്ദ് എന്ന ആള്‍ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ക്കും ഒപ്പമുണ്ടായിരുന്ന അജോയ്, ശ്രീക്കുട്ടന്‍ എന്നിവര്‍ക്കുമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.