‘ദുരന്തപ്രദേശത്ത് മോദിക്കായി ഫോട്ടോ ഷൂട്ട് ഒരുക്കാന്‍ ബിജെപി തിരക്കിലാണ്’; പ്രധാനമന്ത്രിയുടെ മോർബി സന്ദർശനത്തില്‍ വിവാദം

Jaihind Webdesk
Tuesday, November 1, 2022

മോര്‍ബി/ഗുജറാത്: തൂക്കുപാല ദുരന്തമുണ്ടായ ഗുജറാത്തിലെ മോര്‍ബി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളേയും പരിക്കേറ്റവരേയും പ്രധാനമന്ത്രി കാണും. അതിനിടെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രി ഒറ്റ രാത്രികൊണ്ട് തിരക്കിട്ട് നവീകരിച്ചത് വിമർശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. രാജ്യത്തിന്‍റെ മനസാക്ഷിയെ നടുക്കിയ വലിയ ഒരു ദുരന്തം മനസാക്ഷിയെ ഞെട്ടിച്ച് മുന്നില്‍ നില്‍ക്കെ പ്രധാനമന്ത്രിയെ വരവേല്‍ക്കാനായി നടത്തിയ ഒരുക്കങ്ങളാണ് വിമർശിക്കപ്പെടുന്നത്.

തിങ്കളാഴ്ച രാത്രിയിലാണ് ആശുപത്രിയില്‍ മിന്നല്‍ നവീകരണപരിപാടികള്‍ നടന്നത്.134 പേരുടെ ജീവനെടുത്ത തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ ഭൂരിപക്ഷം പേരെയും മോര്‍ബി സിവില്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് പെയ്ന്‍റടിയും ടൈല്‍ മാറ്റലുമെല്ലാം നടന്നത്.

ചുമരുകളില്‍ പുതിയ പെയിന്‍റടിച്ചു. പുതിയ വാട്ടര്‍ കൂളറുകള്‍ എത്തിച്ചു. ദുരന്തത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച വാര്‍ഡുകളില്‍ ബെഡ്ഷീറ്റുകളെല്ലാം മാറ്റി. രാത്രി വൈകിയും ചൊവ്വാഴ്ച പുലര്‍ച്ചെ വരെയും നിരവധി തൊഴിലാളികാണ് ആശുപത്രിയില്‍ ശുചീകരണ പ്രവൃത്തിയില്‍ ഏർപ്പെട്ടിരുന്നത്. പ്രധാനമന്ത്രി സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പെയിന്‍റടിച്ചിട്ടുണ്ട്. ടൈലുകളടക്കം മാറ്റുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ദുരന്തപ്രദേശത്ത് പ്രധാനമന്ത്രിയുടെ ഫോട്ടോഷൂട്ട് ഉറപ്പാക്കാന്‍ ബിജെപി കടുത്ത തിരക്കിലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.  നിരവധി പേരുടെ ജീവന്‍ നഷ്ടമായപ്പോഴും ബിജെപി ഇവന്‍റ് മാനേജ്മെന്‍റിന്‍റെ തിരക്കിലാണെന്നും കോണ്‍ഗ്രസ് വിമർശിച്ചു.

‘നാളെ പ്രധാനമന്ത്രി മോദി മോര്‍ബിയിലെ സിവില്‍ ആശുപത്രി സന്ദര്‍ശിക്കും. അതിനു മുന്നോടിയായി, പെയിന്റിംഗ് നടക്കുന്നു, തിളങ്ങുന്ന ടൈലുകള്‍ ഇടുന്നു. പ്രധാനമന്ത്രിയുടെ ചിത്രങ്ങളില്‍ അപാകതയില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്തുവരികയാണ്. ഇവര്‍ക്ക് ഒരു നാണവുമില്ല. ഒരുപാട് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോഴും അവര്‍ ഇവന്‍റ് മാനേജ്മെന്‍റിന്‍റെ തിരക്കിലാണ്’ – കോണ്‍ഗ്രസിസ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ 27 വര്‍ഷം എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ അര്‍ധരാത്രി ഇത്രയും തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കേണ്ടിതില്ലായിരുന്നുവെന്ന് ആം ആദ്മി പാര്‍ട്ടിയും പരിഹസിച്ചു.

Image

 

Image

 

 

Image

 

Image