തിരുവനന്തപുരം : തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേരളത്തിലെ ആർഎസ്എസ് നേതൃത്വം വിവാദങ്ങളുടെ പിടിയിലായതില്‍ കേന്ദ്രത്തിന് കടുത്ത അതൃപ്തി. സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണിയുടെ സൂചന നല്കി പ്രാന്തകാര്യവാഹ് ചുമതലയിൽ നിന്നും ഗോപാലൻകുട്ടി മാസ്റ്ററെ നീക്കി പകരം പി.എൻ ഈശ്വരനെ നിയമിച്ചു. കഴിഞ്ഞ ദിവസം ബംഗളുരുവിൽ നടന്ന ആർഎസ്എസ് അഖില ഭാരതീയ സഭയിലാണ് നേതൃമാറ്റം സംബന്ധിച്ച തീരുമാനമായത്.
സംസ്ഥാനത്ത് ബിജെപി – സിപിഎം കൂട്ടുകെട്ടുണ്ടെന്ന ആർഎസ്എസ് സൈദ്ധാന്തികൻ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തൽ കേന്ദ്രം ഗൗരവമുള്ളതായി കാണുന്നു. സംസ്ഥാനത്ത് സിപിഎം – ബിജെപി ഡീൽ ഉണ്ടെന്നാണ് ആർ ബാലശങ്കറിന്റെ ആരോപണം. തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂർ, ആറന്മുള, കോന്നി തുടങ്ങി നിരവധിയിടങ്ങളില്‍ ധാരണയുണ്ട്. സീറ്റ് വിഭജനത്തിൽ ചെങ്ങന്നൂരിൽ ബിജെപി ദുർബല സ്ഥാനാർത്ഥിയെ നിർത്തി സിപിഎമ്മിനെ സഹായിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാലശങ്കറിന്റെ വെളിപ്പെടുത്തലിനെ ശരിവെച്ച് പിപി മുകുന്ദനും രംഗത്തെത്തിയിരുന്നു.
പാർട്ടിയെ കൈപ്പിടിയിലൊതുക്കാൻ വി മുരളീധരനും കെ സുരേന്ദ്രനും ശ്രമിക്കുമ്പോൾ ഗോപാലൻകുട്ടി മാസ്റ്റർ അതിന് കൂട്ടു നില്ക്കുന്നു എന്നും അദ്ദേഹത്തിന്റെ സമീപനങ്ങൾ സിപിഎമ്മിന് സഹായകമാണെന്നും സംഘടനയ്ക്കകത്തുനിന്ന് കേന്ദ്രത്തിന് പരാതി ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപിയിലും അഴിച്ചു പണിക്ക് സാധ്യത ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെ വന്നാല്‍ കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവി നഷ്ടമായേക്കും. പ്രാന്തകാര്യവാഹ് സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട ഗോപാലൻകുട്ടി മാസ്റ്റർ പ്രാന്തകാര്യകാരി സദസ്യനായി പ്രവർത്തിക്കും.