കെപിസിസി പ്രസിഡന്‍റിനെതിരായ വിവാദ പ്രസ്താവന: എം.വി ഗോവിന്ദനെ സംരക്ഷിച്ച് ക്രൈം ബ്രാഞ്ച്, ക്ലീന്‍ ചിറ്റ്

Jaihind Webdesk
Wednesday, July 26, 2023

 

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിക്കെതിരായ വിവാദ പ്രസ്താവനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ക്രൈം ബ്രാഞ്ചിന്‍റെ ക്ലീന്‍ ചിറ്റ്. എം.വി ഗോവിന്ദന്‍റെ പ്രസ്താവന കലാപാഹ്വാനമല്ലെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് എസ്‍.പി സാബു മാത്യു ഡിജിപിക്ക് കൈമാറി.

പൊതുപ്രവർത്തകനായ പായിച്ചിറ നവാസാണ് എം.വി ഗോവിന്ദന്‍റെ വിവാദ പ്രസ്താവനയില്‍ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. തിരുവനന്തപുരത്ത് നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിലാണ് കെ സുധാകരൻ എംപിക്കെതിരെ എം.വി ഗോവിന്ദൻ വിവാദ പരാമർശങ്ങൾ നടത്തിയത്.

എം.വി ഗോവിന്ദന്‍റെ പരാമർശങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്‍റ് മാനനഷ്ട കേസ് ഫയൽ ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാക്കൾക്കെതിരെ എന്തിനും ഏതിനും കേസെടുക്കുകയും അതേസമയം ഭരണപക്ഷ നേതാക്കളുടെ ഗുരുതര പരാമർശങ്ങള്‍ പോലും നിസാരവത്ക്കരിക്കുകയും ചെയ്യുന്ന നടപടി ഇതിനോടകം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.