വിവാദ റിസോർട്ട് നിർമ്മാണത്തിന് ഒത്താശ ചെയ്തത് ആന്തൂർ നഗരസഭ; പരാതി ഒതുക്കിയത് എം.വി ഗോവിന്ദന്‍റെ ഭാര്യ

Jaihind Webdesk
Sunday, December 25, 2022

 

കണ്ണൂർ: ആന്തൂർ മുൻസിപ്പാലിറ്റിയിലെ വിവാദ ആയുർവേദ റിസോർട്ടിന്‍റെ നിർമ്മാണത്തിന് ഒത്താശ ചെയ്തത് സിപിഎം ഭരിക്കുന്ന ആന്തൂർ നഗര സഭ. ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ഭാര്യ പി.കെ ശ്യാമള ചെയർപേഴ്സൺ ആയിരുന്ന വേളയിൽ റിസോർട്ടിനെതിരെ ഉയർന്ന പരാതി ഒതുക്കി തീർക്കുകയായിരുന്നു. പരാതി നൽകിയ ശാസ്ത്രസാഹിത്യ പരിഷത് പ്രവർത്തകനെതിരെ പാർട്ടിയിലും നടപടി എടുത്തു. ആയുര്‍വേദ റിസോര്‍ട്ടിന്‍റെ നിര്‍മ്മാണം ആരംഭിച്ചത് അനുമതിയില്ലാതെയെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്.

2016 ഒക്ടോബർ 27ന് ആന്തൂർ നഗരസഭയാണ് റിസോർട്ടിന് കെട്ടിടാനുമതി നൽകിയത്. ഉടുപ്പകുന്ന് ഇടിച്ച് നിരത്തിയുള്ള റിസോർട്ട് നിർമ്മാണത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ കളക്ടർക്ക് അന്ന് പരാതി നൽകിയിരുന്നു. പരാതി പ്രകാരം കളക്ടർ തഹസീൽദാരോട് റിപ്പോർട്ട് ആവശ്യപ്പെടുകയും പാരിസ്ഥിതിക ആഘാതം പഠിക്കാൻ ജിയോളജി വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ആ റിപ്പോർട്ട് റിസോർട്ട് നിർമ്മാണത്തിന് അനുകൂലമായിരുന്നു. റിസോർട്ട് നിർമ്മാണത്തിന് എതിരെ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് തഹസിൽദാർ, ജിയോളജിസ്റ്റ് കണ്ണൂർ, ആന്തൂർ നഗരസഭാ സെക്രട്ടറി എന്നിവർ നടത്തിയ അന്വേഷണത്തിൽ കേരള മൈനർ മിനറൽ ചട്ടങ്ങൾ 2015 പ്രകാരം നിയമ ലംഘനം നടത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇക്കാര്യം വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നുണ്ട്. ഖനനം നടത്തിയ മണ്ണ് അവിടെ തന്നെ നിരത്തുക മാത്രമാണ് ചെയ്തിട്ടുള്ളുവെന്നും വിവരാവകാശ രേഖയിൽ പറയുന്നു. പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ട് ഭരണസ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചാണ് റിസോർട്ട് നിർമ്മാണം പൂർത്തിയാക്കിയതെന്ന വിമർശനം അന്നുതന്നെ ഉയർന്നിരുന്നു. ആന്തൂർ നഗരസഭ നൽകിയ കെട്ടിട നിർമ്മാണ അനുമതിയുടെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവർത്തനം നടന്നതെന്നും വ്യക്തമാക്കുന്നു. എന്നാൽ നഗരസഭാ സെക്രട്ടറിയുടെ ലാൻഡ് ഡെവലപ്പ്മെന്‍റ് സാക്ഷ്യപത്രം അവർക്ക് ലഭിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയിൽ പറയുന്നു.

ഇ.പി ജയരാജന് ബന്ധമുള്ള ആയുർവേദ റിസോർട്ടിന്‍റെ നിർമാണം ആരംഭിച്ചത് അനുമതിയില്ലാതെയെന്ന് ആരോപണം ശരി വെക്കുന്നതാണ് ഈ രേഖകൾ. അനുമതികൾ പലതും നേടിയെടുത്തത് നിർമ്മാണം ആരംഭിച്ചതിന് ശേഷമാണെന്ന് അന്ന് പരാതി ഉയർന്നിരുന്നു. ഇതിനെതിരെ പരാതി നൽകിയ ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ പ്രവർത്തകൻ സജിനിന് എതിരെ പാർട്ടിയിലും നടപടി എടുത്തു. പരാതിയുമായി മുന്നോട്ടുപോയതിനെ തുടർന്ന് സജിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സിപിഎം നീക്കിയിരുന്നു. നിർമ്മാണ പ്രവർത്തനം നടക്കുന്നതിൽ ജനങ്ങൾക്ക് പരാതിയില്ലെന്ന റിപ്പോർട്ടാണ് തഹസീൽദാർ സമർപ്പിച്ചത്. അനുമതിയില്ലാതെ കുഴൽക്കിണർ കുഴിക്കുകയും മലിനീകരണ ബോർഡിന്‍റെ അനുമതി വാങ്ങിയിരുന്നില്ലെന്നും വിവരാവകാശ രേഖയിൽ വ്യക്തമാണ്. അനധികൃതമായ നിർമ്മാണ പ്രവൃത്തിക്ക് ആന്തൂർ നഗരസഭ നൽകിയ പിന്തുണയാണ് ഇവിടെ സംശയത്തിന്‍റെ നിഴലിലുള്ളത്. ഒപ്പം നഗരസഭാ ചെയർപേഴ്സൺ എന്ന നിലയിൽ പി കെ ശ്യാമളയും സംശയത്തിൻ്റെ നിഴലിൽ ആണ്.

കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോർട്ട് ഇപ്പോഴും പ്രവർത്തിക്കുന്നത്. ഇ.പി ജയരാജന്‍റെ മകന്‍ ജെയ്സൺ ആണ് കമ്പനിയുടെ ചെയർമാൻ. 25 ലക്ഷം രൂപയുടെ 2500 ഓഹരികളാണ് ഇ.പി ജയരാജന്‍റെ മകനുള്ളത്. 2014ലാണ് അരോളിയിൽ ഇ.പി ജയരാജന്‍റെ വീടിന് തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്‍റെ വിലാസത്തിൽ മൂന്നു കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്. ഡയറക്ടർ ബോർഡിലെ അംഗങ്ങളെ കൂടാതെ ഇ.പി ജയരാജന്‍റെ മകൻ ജെയ്സന്‍റെ ഓഹരിക്ക് വിനിയോഗിച്ച സാമ്പത്തിക സ്രോതസ് ആണ് പരാതിക്ക് കാരണമായിരിക്കുന്നത്.