കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തലയൂരാന്‍ മന്ത്രി ചിഞ്ചു റാണിയുടെ വിഫല ശ്രമം.ആ പരാമര്‍ശം വേണ്ടിയിരുന്നില്ല. അങ്ങനെ പറയരുതായിരുന്നു എന്നാണ് മന്ത്രി ചിഞ്ചു റാണിയുടെ ഇപ്പോഴത്തെ നിലപാട്. മനസാക്ഷിയില്ലാത്ത മന്ത്രിയുടെ നിലപാടില്‍ സമൂഹത്തിന്റെ പലകോണില്‍ നിന്നും വന്‍ എതിര്‍പ്പാണ് ഉയര്‍ന്നത്. രാഷ്ട്രീയമായും ചിഞ്ചു റാണിയുടെ പ്രതികരണം സര്‍ക്കാരിന് തിരിച്ചടിയായി. ഇതോടെയാണ് മുഖം രക്ഷിക്കാന്‍ മന്ത്രി രംഗത്ത് എത്തിയത്. മരിച്ച പതിമൂന്നുകാരന്‍ മിഥുന്റെ വീട്ടില്‍ എത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കുട്ടി മരിച്ച സംഭവം അറിഞ്ഞതേയുണ്ടായിരുന്നുള്ളൂവെന്നും. സൂംബ നടക്കുകയായിരുന്നതിനാല്‍ പങ്കാളിയായെന്നേയുള്ളൂ എന്നും മന്ത്രി ന്യായികരിച്ചു.
മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിലെ വിവാദ പരാമര്‍ശത്തില്‍ മൃഗക്ഷേമവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിക്കെതിരെ നേരത്തെ സിപിഐ നേതൃത്വം നിലപാടെടുത്തിരുന്നു. ചിഞ്ചു റാണിയെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഫോണില്‍ വിളിച്ച് വിശദീകരണം തേടി. നിലപാട് തിരുത്തണമെന്നും സംസ്ഥാന സെക്രട്ടറി മന്ത്രിയോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം തെറ്റായിപ്പോയെന്നാണ് സിപിഐയുടെ വിലയിരുത്തല്‍.ഒരു പയ്യന്റെ ചെരുപ്പെടുക്കാന്‍ ആ പയ്യന്‍ ഷെഡിന്റെ മുകളില്‍ വലിഞ്ഞു കയറി. ചെരുപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയിലാണെന്നും ഇതിലാണ് കറണ്ടടിച്ചതെന്നും അപ്പോഴെ പയ്യന്‍ മരിച്ചെന്നും അത് അധ്യാപകരുടെ കുഴപ്പമല്ലെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ മന്ത്രി സൂംബ നൃത്തം ചെയ്തും വിവാദമായി.