വിവാദ കശ്മീർ പരാമർശം: കെ.ടി ജലീല്‍ എംഎല്‍എക്കെതിരെ കേസെടുത്തു

Jaihind Webdesk
Wednesday, August 24, 2022

 

പത്തനംതിട്ട: വിവാദമായ ‘ആസാദ് കശ്മീർ’ പരാമർശത്തിൽ കെ.ടി ജലീൽ എംഎൽഎക്കെതിരെ കേസെടുത്തു. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർ‌ദേശപ്രകാരമാണ് നടപടി. പത്തനംതിട്ട കീഴ്‌വായ്പൂർ പോലീസാണ് കേസെടുത്തത്.

ഐപിസി 163 ബി, പ്രിവൻഷൻ ഓഫ് നാഷണൽ ഹോണർ ആക്ട് ബി എന്നീ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ജലീലിനെതിരെ കേസെടുത്തിരിക്കുന്നത്. ഭരണഘടനയെ അപമാനിച്ചു, കലാപാഹ്വാനം നടത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മല്ലപ്പള്ളി സിഐ ​ഗോപിനാഥനാണ് കേസ് അന്വേഷണത്തിന്‍റെ ചുമതല. ആർഎസ്എസ് നേതാവ് അരുൺ മോഹന്‍റെ ഹർജിയിലാണ് കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിർദേശിച്ചത്. മല്ലപ്പള്ളി സ്റ്റേഷനിലും ജലീലിനെതിരെ പരാതി ലഭിച്ചിരുന്നു.

പാക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്ന് കെ.ടി ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. നും ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന പ്രയോഗവും വിവാദമായി. പാകിസ്ഥാനെ വെള്ള പൂശുന്നതാണ് ജലീലിന്‍റെ നിലപാടെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ വിവാദ ഭാഗം:

“പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്‍റെ ഭാഗം “ആസാദ് കശ്മീർ” എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്‍റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്‍റെ പൊതു സൈന്യമായി മാറി”