കൊച്ചി : ഉത്സവത്തിന് ഹിന്ദു പൊലീസിനെ വേണമെന്ന വിചിത്ര ആവശ്യവുമായി തൃപ്പൂണിത്തുറ ദേവസ്വം. വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിന് ഹിന്ദുക്കളായ പൊലീസുകാരെ വേണമെന്നാണ് ആവശ്യം. സംഭവം വിവാദമായതോടെ
വിശദീകരണവുമായി ദേവസ്വം രംഗത്ത് എത്തി.
തൃപ്പൂണിത്തുറ ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണറാണ് വിചിത്രമായ ആവശ്യവുമായി പോലീസിന് മുന്നിൽ എത്തിയത്. വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിന് ഗതാഗതം നിയന്ത്രിക്കാനും ക്രമസമാധാന പാലനത്തിനും ഹിന്ദുക്കളായ പൊലീസുകാരെ നൽകണമെന്നതായിരുന്നു ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃപ്പൂണിത്തുറ ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണർ സിറ്റി പൊലീസ് കമ്മീഷണർക്ക് കത്തയച്ചു.
ഫെബ്രുവരി എട്ടിനാണ് ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം നടക്കുന്നത്. ഹിന്ദുക്കളായ പൊലീസ് എന്ന് കത്തിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ വനിതാ പൊലീസ് ഉദ്യോഗസ്ഥരേയും നിയോഗിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ക്ഷേത്രത്തിന് മുൻവശത്ത് മൊബിലിറ്റി ഹബ് നിലവിൽ വന്നതിനാൽ ട്രാഫിക് കൂടുതലാണെന്നും ക്രമസമാധാനത്തിന് ഹിന്ദുക്കളായ പൊലീസുകാരേയും വനിതാ പൊലീസ് ഉദ്യോഗസ്ഥരേയും വിട്ടുനൽകണമെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നത്. കത്ത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണർ രംഗത്തെത്തി. എല്ലാ വർഷവും ഇത്തരത്തിലാണ് കത്ത് നൽകാറുള്ളതെന്നും വിവാദ ഭാഗം ഒഴിവാക്കി പുതിയ കത്ത് നൽകിയതായും അസിസ്റ്റന്‍റ് കമ്മീഷണർ പറഞ്ഞു.