ഇടത് സഹയാത്രികയ്ക്ക് വഴിവിട്ട നിയമനം ; കെ.ആർ മീരയെ എം.ജി സർവകലാശാലയില്‍ തിരുകിക്കയറ്റിയത് ചട്ടങ്ങള്‍ മറികടന്ന്

Jaihind News Bureau
Friday, August 14, 2020

 

കൊച്ചി: ചട്ടങ്ങള്‍ മറികടന്ന് ഇടത് സഹയാത്രികയും എഴുത്തുകാരിയുമായ കെ.ആര്‍ മീരയ്ക്ക് എം.ജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്‍റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമനം. സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ വിദഗ്ധ സമിതി നല്‍കിയ പേരുകള്‍ വെട്ടിയാണ് കെ.ആര്‍ മീരയെ തിരുകിക്കയറ്റിയത്. അക്കാദമിക് വിദഗ്ധരാകണം ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങള്‍ എന്ന എം.ജി സര്‍വകലാശാല ആക്റ്റും സ്റ്റാറ്റ്യൂട്ടും വ്യക്തമായി പറയുമ്പോഴാണ് ഈ വഴിവിട്ട നിയമനം.

സര്‍വകലാശാല വൈസ്ചാൻസിലറുടെ ശുപാര്‍ശ പ്രകാരം ഗവര്‍ണ്ണറാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സന്‍റെയും അംഗങ്ങളുടേയും നിയമനം നടത്തുന്നത്. ഇതിനായി ആദ്യം ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ധ സമിതിയാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ ആരൊക്കെ അംഗങ്ങളാകണമെന്ന ശുപാര്‍ശ വി.സിക്ക് നല്‍കുന്നത്. എന്നാല്‍ എം.ജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ നിന്നും നല്‍കിയ ശുപാര്‍ശയില്‍ കെ.ആര്‍ മീരയുടെ പേര് ഉണ്ടായിരുന്നില്ല. ഇതിന് പുറമെ എം.ജി സര്‍വകലാശാല ഇക്കഴിഞ്ഞ ആറാം തീയതി നിയമിച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളില്‍ കെ.ആര്‍ മീര ഒഴിച്ച് ബാക്കി 10 പേരും അസിസ്റ്റന്‍റ് പ്രൊഫസറോ അതിന് മുകളിലുള്ളവരോ ആണെന്നതും ശ്രദ്ധേയമാണ്.

ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങള്‍ ഉയര്‍ന്ന അക്കാദമിക നിലവാരം ഉള്ളവരാകണം എന്ന എം.ജി സര്‍വകലാശാല ആക്ടിലെ ചട്ടങ്ങളും ഇക്കാര്യത്തിൽ പാലിച്ചിട്ടില്ല. വിദഗ്ധ സമിതിയുടെ ശുപാര്‍ശ മറികടന്ന് ഉന്നതവിദ്യഭ്യാസ വകുപ്പിന്‍റെ ഇടപെടലിലാണ് കെആര്‍ മീരയെ നിയമിച്ചതെന്ന ആക്ഷേപവും ശക്തമാണ്. കൂടാതെ പിൻവാതിൽ നിയമനങ്ങൾ തുടർക്കഥയാക്കുന്ന ഇടത് സർക്കാരിന്‍റെ നടപടികളിൽ ഒടുവിലത്തെ ഉദാഹരണം കൂടിയാണ് ഇടത് സഹയാത്രികയായ കെ.ആർ മീരയുടെ നിയമനം.