RAMESH CHENNITHALA| ‘ആഭ്യന്തരവകുപ്പിന്‍റെ നിയന്ത്രണം കൈവിട്ടുപോയി; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് നല്ലത്’- രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, September 9, 2025

മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം കൈവിട്ടുപോയെന്നും ഒരു കാലത്തും നടക്കാത്ത മര്‍ദന മുകളാണ് പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ലഹരി മരുന്നിനെതിരെ കേരളത്തിലുടനീളം ജനകീയ പ്രതിരോധം തീര്‍ക്കുന്നതിനായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന പ്രൗഡ് കേരള നടത്തുന്ന വാക്കത്തോണ്‍ – വാക്ക് എഗൈന്‍സ്റ്റ് ഡ്രഗ്‌സ് പരിപാടിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം.

രാസലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ട് പോകേണ്ട കാലഘട്ടമാണെന്നും കേരളത്തില്‍ നടക്കുന്ന ഓരോ ക്രമസമാധാന പ്രശ്‌നത്തിനും പിന്നില്‍ രാസ ലഹരിയുടെ ഉപയോഗമാണെന്നും അദ്ദേഹം പറഞ്ഞു. രാസ ലഹരിക്കെതിരായ പോരാട്ടത്തില്‍ മാധ്യമങ്ങളും പിന്തുണ നല്‍കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മലപ്പുറം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് രമേശ് ചെന്നിത്തല യുടെ ‘വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്‌സ്’- വാക്കത്തോണ്‍ എന്ന് മുനവറലി ശിഹാബ് തങ്ങളും പറഞ്ഞു.