കലോത്സവ വേദിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം ; വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

Sunday, January 5, 2025

തിരുവനന്തപുരം: കലോത്സവ വേദിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം. ജഡ്ജസിന്റെ തലക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും അത്തരം നടപടികള്‍ ഒഴിവാക്കണമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മേളയുടെ എല്ലായിടത്തും മികച്ച പങ്കാളിത്തമാണ് കാണുന്നത്. 15000ല്‍ കൂടുതല്‍ ആളുകള്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു. മത്സരം കൃത്യസമയത്ത് തന്നെ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ചില കുട്ടികള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുണ്ട്. ഇത്തരം വിവേചനം ഉണ്ടാകാന്‍ പാടില്ല. ഇവ ഒഴിവാക്കാന്‍ അധ്യാപകര്‍ മുന്‍കയ്യെടുക്കണം. വിധികര്‍ത്താക്കളെ സൂക്ഷ്മമായാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

പാര്‍ക്കിങ് സംബന്ധിച്ച ആശങ്കകള്‍ ഉണ്ടായിരുന്നു. അവയെല്ലാം പരിഹരിച്ച് മുന്നോട്ടു പോകാനായി. ഗതാഗതം സുഗമമാക്കാന്‍ കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നുണ്ട്. 80 മത്സരങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി. 47000ത്തിലധികം ആളുകള്‍ ഇതുവരെ ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ചു. ഇന്നലെ രാത്രി ഒരുമണി വരെ ഭക്ഷണശാല തുറന്നുപ്രവര്‍ത്തിച്ചെന്നും മന്ത്രി പറഞ്ഞു.