രാജ്യ തലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ളിക് ദിന പരേഡിന് നിയന്ത്രണമേർപ്പെടുത്തി. കൊവിഡ് പശ്ചാത്തലത്തിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. രാജ്പഥിലെ മാർച്ചിൽ സംഘങ്ങളുടെ അംഗബലം 144 ൽ നിന്ന് 96 ആക്കും.
കൊവിഡ് പശ്ചാത്തലത്തിൽ ജനുവരി 26-ന് രാജ്യതലസ്ഥാനത്തു നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് നിയന്ത്രണമേർപ്പെടുത്തി. രാജ്പഥിലെ മാർച്ചിൽ സംഘങ്ങളുടെ അംഗബലം 144-ൽനിന്ന് 96 ആക്കും. വിജയ് ചൗക്കിൽനിന്ന് ആരംഭിച്ച് ചെങ്കോട്ടയിൽ അവസാനിക്കുന്നതിനു പകരം നാഷണൽ സ്റ്റേഡിയം വരെയായിരിക്കും പരേഡ് നടക്കുക. കാഴ്ചക്കാരുടെ എണ്ണവും കുറയ്ക്കും.
സൈനികശക്തി, സമ്പന്നമായ സാംസ്കാരിക വൈവിധ്യം, സാമൂഹിക-സാമ്പത്തിക പുരോഗതി എന്നിവ പ്രതിഫലിപ്പിക്കുന്ന ഫ്ളോട്ടുകളടങ്ങിയ പരേഡാണ് റിപ്പബ്ലിക് ദിനത്തിൽ ഒരുക്കാറുള്ളത്. വർണവൈവിധ്യം നിലനിർത്തുമെങ്കിലും ആളും വലിപ്പവും കുറയ്ക്കാനാണ് തീരുമാനമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സാധാരണ ഒരു ലക്ഷത്തോളം കാണികളെ പരേഡ് സ്ഥലത്തേക്ക് അനുവദിക്കാറുണ്ട്. ഇത്തവണ 25,000 പേർക്കായിരിക്കും പ്രവേശനം അനുവദിക്കുള്ളൂ. 15 വയസ്സിൽ താഴെയുള്ള കുട്ടികളെ കയറ്റില്ല. പരേഡിൽ പങ്കെടുക്കാനായി രണ്ടായിരത്തോളം കരസേനാ ഭടന്മാർ നവംബർ അവസാനം ഡൽഹിയിലെത്തിയിരുന്നു. പരിശോധനയിൽ ഇവരിൽ 150 പേർക്ക് കൊവിഡ് കണ്ടെത്തിയിരുന്നു.