മൊഴികളില്‍ വൈരുദ്ധ്യം, സമ്മർദ്ദ വാദം തള്ളാനാവില്ല; ‘പ്രഥമദൃഷ്ട്യാ ബലാത്സംഗത്തിന് തെളിവില്ല’; കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്

Jaihind News Bureau
Wednesday, December 10, 2025

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു. പരാതി നല്‍കുന്നതിലെ കാലതാമസം സംബന്ധിച്ച വാദങ്ങള്‍ വ്യത്യസ്തമാണെന്നും, പരാതിക്ക് പിന്നില്‍ സമ്മര്‍ദ്ദമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിക്കളയാനാകില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ ബലാത്സംഗത്തിന് തെളിവില്ലെന്നും, പരാതിയിലും യുവതി പിന്നീട് നല്‍കിയ മൊഴിയിലും വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എഫ്.ഐ.ആറില്‍ പറയുന്ന കാര്യങ്ങളല്ല മൊഴിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും, കെപിസിസി പ്രസിഡന്റിന് നല്‍കിയ ആദ്യ പരാതിയില്‍ ആരോപണവിധേയനെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. അതേസമയം, പരാതി അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നും കോടതി വിലയിരുത്തി.

ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയെ പത്തനംതിട്ടയിലെ ഹോം സ്റ്റേയില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു എന്നതായിരുന്നു രണ്ടാമത്തെ കേസ്. കാലുപിടിച്ച് കരഞ്ഞിട്ടും ക്രൂരമായി പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, പൊലീസിന് നല്‍കേണ്ട പരാതി കെപിസിസി പ്രസിഡന്റിന് ആദ്യം നല്‍കിയത് സംശയകരമാണെന്ന് കോടതി നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. കൂടാതെ, പരാതിക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടോയെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഇന്‍സ്റ്റാഗ്രാം ചാറ്റുകള്‍ ഉഭയകക്ഷി ബന്ധമാണ് സൂചിപ്പിക്കുന്നതെന്ന പ്രതിഭാഗത്തിന്റെ വാദം കൂടി പരിഗണിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ചില ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താല്‍ അന്ന് തന്നെ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കണം എന്നതാണ് പ്രധാന ഉപാധി. എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10 മുതല്‍ 11 മണി വരെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആദ്യ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിനാലും രണ്ടാം കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാലും രാഹുല്‍ രണ്ടാഴ്ചത്തെ ഒളിവ് ജീവിതം അവസാനിപ്പിക്കുമെന്നാണ് സൂചന. അടുത്ത ദിവസം പാലക്കാട് എത്തി വോട്ട് ചെയ്യുമെന്നും അഭ്യൂഹമുണ്ട്. അതേസമയം, ഈ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യ കേസില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കുന്ന അടുത്ത തിങ്കളാഴ്ച രാഹുലിന് നിര്‍ണായകമാണ്.