ഉപഭോക്‌തൃ കോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ല ; പ്രതിക്ക് ജാമ്യമില്ലാ വാറണ്ട്

Jaihind Webdesk
Monday, August 16, 2021

കൊച്ചി : ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കിയില്ല എന്ന പരാതിയിൽ പ്രതിക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഉത്തരവ്. എറണാകുളം വീട്ടൂർ- നെല്ലാട് സ്വദേശി സാബു വർക്കി നൽകിയ പരാതിയിൽ കമ്മീഷൻ അധ്യക്ഷൻ ഡി.ബി. ബിനുവാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എറണാകുളം പഴംതോട്ടം , ഐസക് കോളനിയിലെ കെ വി ബിനോയിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ പുത്തൻകുരിശ് പോലീസ് സർക്കിൾ ഇൻസ്പെക്ടർക്കാണ് നിർദേശം നൽകിയത്. ഉപഭോക്തൃ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കിയില്ല എന്ന് കാണിച്ച് സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി.

വീടിന്‍റെ ചോർച്ച ഫലപ്രദമായി മാറ്റാമെന്നും അതിന് 10 വർഷത്തെ വാറണ്ടിയും വാഗ്ദാനം ചെയ്ത് 37,000 രൂപ ഉപഭോക്താവിൽ നിന്നും വാങ്ങി. ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചതിനാൽ ചോർച്ച കൂടി – വീട് വാസയോഗ്യമല്ലാത്തതായി എന്നാണ് പരാതി . ഉപഭോക്താവിൽ നിന്ന് വാങ്ങിയ തുക 12 % പലിശ സഹിതം തിരിച്ചു നൽകണമെന്നും 2,000 രൂപ കോടതി ചെലവായി നൽകണമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് പരാതിക്കാരൻ കമ്മീഷനെ വീണ്ടും സമീപിച്ചത്. പുതിയ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം [20 .7 . 2020 നടപ്പിലായത് ] വിധി നടപ്പിലാക്കാൻ വിപുലമായ അധികാരങ്ങളാണ് ഉപഭോക്തൃ കോടതിക്ക് നൽകിയിട്ടുള്ളത്.

ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 71 വകുപ്പ് പ്രകാരം വിധി നടപ്പിലാക്കാത്ത പ്രതിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്ത് സിവിൽ കോടതിയെപ്പോലെ തുക ഈടാക്കാൻ കമീഷനുകഴിയും. കൂടാതെ വകുപ്പ് 72 പ്രകാരം ക്രിമിനൽ നടപടി നിയമപ്രകാരവും കോടതിക്ക് നടപടി സ്വീകരിക്കാം. കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ ഒരു മാസം മുതൽ മൂന്നു വർഷം വരെ തടവ് ശിക്ഷയോ 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ നൽകാൻ നിലവിലെ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം കോടതിക്ക് അധികാരമുണ്ട്.