സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനായി തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിട നിർമാണം; തടഞ്ഞ് കണ്ണൂർ കന്‍റോൺമെന്‍റ് ബോർഡ്

Jaihind Webdesk
Sunday, March 20, 2022

 

കണ്ണൂർ: അടുത്ത മാസം നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിന്‍റെ ഒരുക്കങ്ങളുടെ ഭാഗമായി കണ്ണൂരില്‍ അനധികൃത നിർമ്മാണ പ്രവൃത്തി. പാർട്ടി കോൺഗ്രസിന്‍റെ പ്രധാന വേദിയായ നായനാർ അക്കാദമിയിലാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് ഓഡിറ്റോറിയത്തിന്‍റെ നിർമ്മാണ പ്രവൃത്തി നടക്കുന്നത്. പന്തൽ നിർമ്മിക്കുന്നതിന് വാങ്ങിയ അനുമതി ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ഓഡിറ്റോറിയത്തിന്‍റെ നിർമ്മാണം തടഞ്ഞ് കണ്ണൂർ കന്‍റോൺമെന്‍റ് ബോർഡ് ഉത്തരവിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജനറൽ കൺവീനറുമായിട്ടുള്ള സംഘാടക സമിതിയുടെ മേൽനോട്ടത്തിലാണ് നിയമം ലംഘിച്ചുള്ള കെട്ടിട നിർമ്മാണം.

സിപിഎം പാർട്ടി കോൺഗ്രസിന്‍റെ പ്രധാന വേദിയാണ് കണ്ണൂർ ബർണ്ണശേരിയിലെ നായനാർ അക്കാദമി. നായനാർ അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം തീരദേശ സംരക്ഷണ നിയമപ്രകാരം സി.ആർ.സെഡ് രണ്ടിലാണ് ഉൾപ്പെടുന്നത്. കേരള കോസ്റ്റൽ സോൺ മാനേജ്മെന്‍റ് അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ ഇവിടെ കെട്ടിട നിർമ്മാണം നടത്താൻ നിയമപരമായി കഴിയില്ല. ആയിരം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം അലൂമിനിയം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. രാത്രിയും പകലുമായി മുഴുവൻ സമയവും ഇവിടെ നിർമ്മാണം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജനറൽ കൺവീനറുമായിട്ടുള്ള സംഘാടക സമിതിയുടെ മേൽനോട്ടത്തിലാണ് നിയമം ലംഘിച്ചുള്ള കെട്ടിട നിർമ്മാണം.

34,000 സ്ക്വയർ ഫീറ്റ് അളവുള്ള ഹാളാണ് നിർമ്മിക്കുന്നത്. ആയിരം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന് അനുമതി നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നിരാക്ഷേപ പത്രവും വേണം. രണ്ടിൽ കൂടുതൽ നിലയുണ്ടെങ്കിൽ അഗ്നിരക്ഷാസേനയുടെ അനുമതിയും വേണം. പന്തൽ നിർമിക്കുന്നതിനായി നേടിയ അനുമതി ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നതെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു. ഇതേതുടർന്നാണ് കെട്ടിട നിർമ്മാണം തടഞ്ഞ് കൊണ്ട് കണ്ണൂർ കന്‍റോൺമെന്‍റ് ബോർഡ് ഉത്തരവിറക്കിയത്. കെട്ടിട നിർമ്മാണം തടഞ്ഞു കൊണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് ഉത്തരവിറക്കിയത്.