കെഎസ്ആർടിസിയെ വെടക്കാക്കി സ്വകാര്യവത്ക്കരിക്കാന്‍ ഗൂഢനീക്കമെന്ന് എം വിന്‍സന്‍റ് എംഎല്‍എ; ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടിഡിഎഫ് മാർച്ചും സത്യഗ്രഹവും നടത്തി

Jaihind Webdesk
Friday, July 14, 2023

 

തിരുവനന്തപുരം: കെഎസ്ആർടിസിയെ വെടക്കാക്കി സ്വകാര്യവൽക്കരിക്കുവാനുള്ള ഗൂഢനീക്കമാണ് മാനേജ്മെന്‍റ് നടത്തുന്നതെന്ന് എം വിൻസെന്‍റ് എംഎൽഎ. സിഎംഡി (CMD) ബിജു പ്രഭാകറിന്‍റെ അപ്രായോഗിക പരിഷ്കാരങ്ങളാണ് കെഎസ്ആർടിസിയെ തകർച്ചയിൽ എത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ആർടിസിയിൽ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ഐഎന്‍ടിയുസി (INTUC) നേതൃത്വത്തിലുള്ള ടിഡിഎഫ് (TDF) സിഎംഡിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചും സത്യഗ്രഹവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം വിന്‍സെന്‍റ് എംഎല്‍എ.

കെഎസ്ആർടിസി ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളം നൽകാത്ത മാനേജ്മെന്‍റ് നടപടിയിൽ പ്രതിഷേധിച്ച് സിഎംഡി ബിജു പ്രഭാകറിന്‍റെ തിരുമലയിലെ വസതിയിലേക്കാണ്  ടിഡിഎഫ് പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ച് പോലീസ് തടഞ്ഞതോടെ നടന്ന സത്യഗ്രഹ സമരം എം വിൻസെന്‍റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസിയെ വെടക്കാക്കി സ്വകാര്യവൽക്കരിക്കുവാനുള്ള ഗൂഢനീക്കമാണ് മാനേജ്മെന്‍റ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബൈറ്റ്

അടിയന്തരമായി ശമ്പളം വിതരണം ചെയ്തില്ലെങ്കിൽ മന്ത്രിമാരുടെ വസതിയിലേക്ക് സമര കേന്ദ്രം മാറ്റുമെന്ന് ടിഡിഎഫ് നേതാക്കൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസം സിഎംഡിയുടെ ഓഫീസ് സംയുക്ത സമരസമിതി ഉപരോധിച്ചിരുന്നു. അതിന്‍റെ തുടർച്ചയായിട്ടാണ് ഐഎൻടിയുസി ഇന്ന് സിഎംഡിയുടെ വസതിയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. മാനേജ്മെന്‍റ് നിലപാട് തിരുത്തുംവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് ടിഡിഎഫ് തീരുമാനം.