Unnikrishnan Potty| ‘സ്‌പോണ്‍സറായി എത്തിയതു മുതല്‍ ഗൂഢാലോചന’; ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും പങ്ക്; സ്വര്‍ണക്കൊള്ളയില്‍ വന്‍ ഗൂഢാലോചന നടന്നതായി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി

Jaihind News Bureau
Friday, October 17, 2025

ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകുന്നു. സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായും, ഇതില്‍ തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിനോട് (എസ്.ഐ.ടി.) മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ചില ഉദ്യോഗസ്ഥരുടെ പേര് അടക്കം പോറ്റി വെളിപ്പെടുത്തിയതായാണ് വിവരം.

താന്‍ ശബരിമലയില്‍ സ്‌പോണ്‍സറായി എത്തിയത് മുതല്‍ ഗൂഢാലോചന ആരംഭിച്ചതായി പോറ്റി മൊഴി നല്‍കി. സ്‌പോണ്‍സറായി എത്തിയതുമുതല്‍ ദേവസ്വത്തിലെ ഉന്നതര്‍ തന്നെ നോട്ടമിട്ടിരുന്നു. ശബരിമലയിലെ സ്വര്‍ണം തട്ടിയെടുക്കുകയെന്ന ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കല്‍പേഷിനെ കൊണ്ടുവന്നതെന്നും പോറ്റി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

നേരത്തെ, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെ പങ്കജ് ഭണ്ഡാരി എസ്.ഐ.ടിക്ക് നല്‍കിയ മൊഴിയില്‍, തട്ടിയെടുത്ത സ്വര്‍ണം കല്‍പേഷിന് കൈമാറിയതായി വെളിപ്പെടുത്തിയിരുന്നു. ശബരിമലയിലെ സ്വര്‍ണം ചെമ്പായത് ഉള്‍പ്പെടെ വന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും, തട്ടിയെടുത്ത സ്വര്‍ണം പങ്കിട്ടെടുത്തെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തോട് സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് നടപടി. പുലര്‍ച്ചെ 2:30-നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പാളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് പോറ്റിയുടെ അറസ്റ്റ്. എസ്.ഐ.ടി. അന്വേഷണം തുടങ്ങി ആറാം ദിവസമാണ് കേസില്‍ നിര്‍ണായക നടപടി ഉണ്ടാകുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്ന് രാവിലെ റാന്നി കോടതിയില്‍ ഹാജരാക്കും.

കല്‍പേഷിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ എസ്.ഐ.ടിക്ക് ലഭിച്ചതായാണ് സൂചന. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ കല്‍പേഷിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്വര്‍ണ്ണപ്പാളികള്‍ സൂക്ഷിച്ചതായി പറയുന്ന നാഗേഷിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്വര്‍ണപ്പാളി ആര്‍ക്ക് കൈമാറി, എത്ര സ്വര്‍ണം നഷ്ടപ്പെട്ടു, തട്ടിപ്പില്‍ ആരൊക്കെ ഉള്‍പ്പെട്ടു തുടങ്ങിയ കാര്യങ്ങള്‍ എസ്.ഐ.ടി. വിശദമായി അന്വേഷിച്ചു വരികയാണ്.