തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിക്കെതിരെ വ്യാജ വാർത്ത നല്‍കിയ ദേശാഭിമാനിക്കും ഇത് ആവർത്തിച്ച എം.വി ഗോവിന്ദനുമെതിരെ സര്‍ക്കാർ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതിന് തയാറായില്ലെങ്കില്‍ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആഭ്യന്തരമന്ത്രിയും സൂപ്പർ ഡിജിപിയും കളിക്കുകയാണ്. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് എം.വി ഗോവിന്ദനോടാണോയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
പോലീസിന് നല്‍കിയ മൊഴിയിലോ മജിസ്‌ട്രേറ്റിന് കൊടുത്ത 164 മൊഴിയിലോ പെണ്‍കുട്ടി ഇത്തരമൊരു ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദേശാഭിമാനിയും എം.വി ഗോവിന്ദനും പച്ചക്കള്ളമാണ് പറഞ്ഞത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ വൃത്തികെട്ട ആരോപണം ഉന്നയിച്ച ദേശാഭിമാനിക്കും അത് ആവര്‍ത്തിച്ച എം.വി ഗോവിന്ദനും എതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
“മുഖ്യമന്ത്രിയുടെ ഓഫീസും പാര്‍ട്ടിയിലെ ചില കേന്ദ്രങ്ങളും ചേര്‍ന്നാണ് വ്യാജവാര്‍ത്തയുണ്ടാക്കിയത്. എം.വി ഗോവിന്ദന്‍ അതില്‍ വന്ന് വീഴുകയായിരുന്നു. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്നതിന്റെ ഹീനമായ ഉദാഹരണമാണ് ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയും ഗോവിന്ദന്‍ അത് ഏറ്റുപിടിച്ചതും. രാഷ്ട്രീയ എതിരാളികളെ കേസില്‍പ്പെടുത്താന്‍ ഏത് ഹീനമായ മാര്‍ഗവും സിപിഎം സ്വീകരിക്കും. സിപിഎം സൈബര്‍ ഗുണ്ടകള്‍ നടത്തുന്ന ആക്രമണത്തിന് സമാനമായ രീതിയിലുള്ള പ്രസ്താവനയാണ് പാര്‍ട്ടി സെക്രട്ടറിയുടേത്. അദ്ദേഹം ആ സ്ഥാനത്ത് തുടരണമോയെന്ന് അവരുടെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഇല്ലാത്ത ഒരു സംഭവം ഉണ്ടെന്ന് പറഞ്ഞതിലൂടെ ക്രിമിനല്‍ കുറ്റമാണ് എം.വി ഗോവിന്ദന്‍ ചെയ്തിരിക്കുന്നത്. അക്കാര്യത്തില്‍ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണം.” – പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടക്കുന്നതായി വി.ഡി സതീശന്‍ പറഞ്ഞു. ഡല്‍ഹിയിലെ മോദിയും സംഘപരിവാറും പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും സ്വീകരിക്കുന്ന അതേ സമീപനമാണ് പിണറായി സര്‍ക്കാരും കേരളത്തില്‍ നടപ്പാക്കുന്നത്. ദേശാഭിമാനി ഇത് ആദ്യമായല്ല വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ചാരക്കേസില്‍ അധ്യായം തുറന്നത് ദേശാഭിമാനിയാണെന്ന വാര്‍ത്ത അവര്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്ന് ആ വാര്‍ത്ത എഴുതി ആള്‍ ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. മോന്‍സണ്‍ മാവുങ്കലിന്‍റെ ചെമ്പോലയ്ക്ക് വിശ്വാസ്യതയുണ്ടാക്കിക്കൊടുത്തതും ദേശാഭിമാനിയാണ്. മനോരമ എഡിറ്ററായിരുന്ന മാമന്‍ മാത്യുവിന്‍റെ പേരില്‍ വ്യാജ കത്തുണ്ടാക്കി പ്രസിദ്ധികരിച്ചതും ദേശാഭിമനിയായിരുന്നു. അന്ന് നാലാം പ്രതിയായിരുന്ന പിണറായി വിജയന്‍ മനോരമയുടെ കാലു പിടിച്ചാണ് കേസ് ഒഴിവാക്കിയത്. അതിന് നേതൃത്വം നല്‍കിയ ആളും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. വീരന്ദ്രകുമാറിന്‍റെ സഹോദരി മരിച്ചെന്ന വാര്‍ത്ത നല്‍കിയതും ദേശാഭിമാനിയാണ്. അതുകൊണ്ട് ദേശാഭിമാനിയുടെ ചരിത്രമൊന്നും പറയിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പുതിയ ആളെ വച്ച് വ്യാജ കേസുണ്ടാക്കുകയാണ്. സുധാകരനെതിരെ മനഃപൂര്‍വം കേസെടുക്കുകയാണെന്ന് പരാതിക്കാരില്‍ ഒരാളുടെ സഹോദരനായ സിദ്ദിഖ് പുറായില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരുടെ പശ്ചാത്തലം ദുരൂഹമാണ്. അവര്‍ പത്ത് കോടി രൂപ എവിടെ നിന്നുണ്ടാക്കിയെന്നും അന്വേഷിക്കണം. ഇക്കാര്യം നിയമസഭയില്‍ ആവശ്യപ്പെട്ടതാണ്. സിംഹാസനത്തില്‍ ഇരുന്ന് മോന്‍സണ് വിശ്വാസ്യത ഉണ്ടാക്കിക്കൊടുത്തത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാണ്. സുധാകരനെ കേസില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. പരാതിക്കാരനായ സമീറിന് സിപിഎം പശ്ചാത്തലമുണ്ടെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.