ഗൂഢാലോചന കേസിലെ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Monday, February 7, 2022


കൊച്ചി:  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ദിലീപിനെക്കൂടാതെ, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ.സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് പി.ഗോപിനാഥ് ഇന്ന് വിധി പറയാൻ മാറ്റിയത്.

ദിലീപിന്‍റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്‍റെ മൊഴിയെ തുടർന്നു ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാൻ നിർദേശം നൽകി. കൂടാതെ ചോദ്യംചെയ്യലിൽ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറിൽ കോടതിയിൽ നൽകാനും പ്രോസിക്യൂഷനു നിർദേശം നൽകി.

പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജിയും ദിലീപിനായി സീനിയർ അഭിഭാഷകൻ ബി.രാമൻ പിള്ളയും ഹാജരായി.