FREEDOM LIGHT NIGHT MARCH| വോട്ട് കൊള്ളയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ ‘ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച്’; രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം

Jaihind News Bureau
Thursday, August 14, 2025

വോട്ടു കൊള്ളയ്‌ക്കെതിരെ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ‘ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച്’ സംഘടിപ്പിച്ചു. കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രതിഷേധത്തില്‍ വിവിധ ഡി.സി.സി.കളും പങ്കെടുത്തു. ‘വോട്ട് കള്ളന്‍ സിംഹാസനം വിട്ട് പോകുക’ എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രതിഷേധ പ്രകടനം. തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷനില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കായിരുന്നു മാര്‍ച്ച് നടന്നത്.

 

 

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. തിരുവനന്തപുരത്തെ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നാല് മാസത്തെ അന്വേഷണത്തിന് ശേഷം കൃത്യമായ തെളിവുകളുമായാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്ന വോട്ടു ചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കണം. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നത്തെ സുപ്രീം കോടതി വിധി ഇന്ത്യ മുന്നണിയുടെ വിജയമാണെന്നും ധാര്‍മികമായി ഭരണത്തില്‍ തുടരാന്‍ അവകാശമില്ലാത്ത സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിംഗ് ലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയേ മതിയാകൂ എന്നും, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ജെ.പി.യുടെ ഏജന്റായി വന്നാല്‍ അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മാര്‍ച്ചുകള്‍ക്ക് പ്രമുഖ നേതാക്കള്‍ നേതൃത്വം നല്‍കി. എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേതൃത്വം നല്‍കിയപ്പോള്‍, ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വയനാട്ടില്‍ കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ., പത്തനംതിട്ടയില്‍ യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി., കണ്ണൂരില്‍ കെ. സുധാകരന്‍ എം.പി. എന്നിവര്‍ നേതൃത്വം നല്‍കി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, തൃശ്ശൂരിലെ വോട്ട് മോഷണവും തിരിമറിയും കോണ്‍ഗ്രസ് പുറത്തുകൊണ്ടുവരുമെന്ന് തിരുവനന്തപുരത്ത് പറഞ്ഞു.

ഈ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കുകയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. നരേന്ദ്ര മോദിയും അമിത് ഷായും അധികാരത്തില്‍ ഇരിക്കുന്നിടത്തോളം കാലം ഇന്ത്യയില്‍ യഥാര്‍ത്ഥ തിരഞ്ഞെടുപ്പ് നടക്കില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ചും ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അട്ടിമറി നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ ജില്ലകളില്‍ നടന്ന ഈ പ്രതിഷേധ മാര്‍ച്ചുകളില്‍ രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍, കെ.പി.സി.സി., ഡി.സി.സി. ഭാരവാഹികള്‍, ജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.