CONGRESS| സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ കോണ്‍ഗ്രസിന്‍റെ വിശ്വാസ സംരക്ഷണ യാത്ര; ഇന്ന് കാസര്‍കോട് ആരംഭിക്കുന്ന ജാഥ കെ.മുരളീധരന്‍ നയിക്കും

Jaihind News Bureau
Tuesday, October 14, 2025

ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷക്കണമെന്നും ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. പാലക്കാട്, കാസര്‍കോഡ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ജാഥകള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ നയിക്കുന്ന ജാഥ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ജാഥ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 3 മണിക്ക് കണ്ണൂരില്‍ നിന്നും തുടങ്ങുന്ന ജാഥ വൈകുന്നേരം അഞ്ച് മണിക്ക് ഇരിട്ടിയില്‍ സമാപിക്കും. അഡ്വ.ടി സിദ്ദിഖ് എംഎല്‍എയാണ് ജാഥയുടെ വൈസ് ക്യാപ്റ്റന്‍. പി.എം നിയാസ് ജാഥ മാനേജരാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെയാണ് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് മേഖലാ ജാഥ നടത്തുന്നത്. മൂവാറ്റുപുഴയില്‍ നിന്നുമുള്ള ജാഥ നാളെ ആരംഭിക്കും. വിവിധ ജില്ലകളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജാഥ നയിക്കും. 17ന് നാല് ജാഥകളും ചെങ്ങന്നൂരില്‍ സംഗമിച്ച ശേഷം 18ന് പന്തളത്ത് സമാപിക്കും.