സീറ്റ് വിഭജനം, സ്ഥാനാർത്ഥി നിർണ്ണയം, ഭാരത് ജോഡോ യാത്ര 2.0 ; ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ തിരക്കിട്ട ഒരുക്കങ്ങളിലേക്ക് കോണ്‍ഗ്രസ്

Jaihind Webdesk
Friday, December 22, 2023

 

ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമടക്കം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ വേഗത്തിലാക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനം. പ്രതിപക്ഷത്തിന്‍റെ അഭാവത്തില്‍ ലോക്‌സഭയില്‍ മൂന്നു സുപ്രധാന ബില്ലുകള്‍ പാസാക്കിയ സര്‍ക്കാര്‍ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് ഒഴിവാക്കാനാണ് എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തതെന്നും യോഗം അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തെലങ്കാന ഒഴികെയുള്ളയിടങ്ങളിലെ ഫലം നിരാശാജനകമാണെന്ന് ആമുഖ പ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും സംസ്ഥാനങ്ങളിലെ വോട്ട് ശതമാനം അടക്കമുള്ളകാര്യങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യ മുന്നണി യോഗത്തില്‍ സീറ്റ് പങ്കിടല്‍ പ്രക്രിയ ഉടന്‍ ആരംഭിക്കണമെന്ന് ഏകകണ്ഠമായി തീരുമാനിച്ച കാര്യവും ഖാര്‍ഗെ യോഗത്തില്‍ വിശദീകരിച്ചു. ഇതു ലക്ഷ്യമിട്ട് മുകുള്‍ വാസ്‌നിക് അധ്യക്ഷനായ അഞ്ചംഗ ദേശീയ സഖ്യ സമിതി കോണ്‍ഗ്രസ് രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി വിവിധ സംസ്ഥാനങ്ങളിലെ നേതൃത്വവുമായി സംസാരിച്ചാലുടന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ, പ്രകടനപത്രികാ സമിതികള്‍ ഈ മാസം തന്നെ രൂപീകരിക്കുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. ഭാരത് ജോഡോ യാത്രയുടെ രണ്ടാ ഘട്ടം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ മുന്നണിയുടെ പാര്‍ട്ടികളിലെ 143 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ പ്രവര്‍ത്തക സമിതി ശക്തമായ ഭാഷയില്‍ അപലപിച്ചു. പ്രതിപക്ഷത്തിന്‍റെ അഭാവത്തില്‍ സുപ്രധാനമായ മൂന്നു ബില്ലുകളാണ് ലോക്‌സഭ പാസാക്കിയത്. ഇത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് പ്രവര്‍ത്തക സമിതി വിലയിരുത്തി. ഇവയെ പ്രതിപക്ഷം എതിര്‍ക്കുന്നത് തടയാനാണ് എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തതെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ബിജെപിക്കും സഖ്യകക്ഷികള്‍ക്കും എതിരെ പ്രതിരോധത്തിന്‍റെയും ശക്തിയുടെയും ഫലപ്രദമായ കവചമായി ഇന്ത്യ ഗ്രൂപ്പിനെ മാറ്റാനും ഇതിന് ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളാനും ഒറ്റക്കെട്ടായി തീരുമാനിച്ചാണ് പ്രവര്‍ത്തക സമിതി യോഗം സമാപിച്ചത്. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് പുറമെ കേരളത്തില്‍ നിന്നുള്ള സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല, പ്രത്യേക ക്ഷണിതാവ് കൊടിക്കുന്നില്‍ സുരേഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.