ജാർഖണ്ഡിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയം; ബിജെപിയെ തകർത്തത് 23,000 വോട്ടുകള്‍ക്ക്

Sunday, June 26, 2022

 

റാഞ്ചി: ഉപതെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിലെ മാന്ദർ നിയമസഭാ മണ്ഡലത്തില്‍ കോൺഗ്രസ് സ്ഥാനാർത്ഥി ശിൽപി നേഹാ തിർക്കിക്ക് ഉജ്വല വിജയം. ബിജെപി സ്ഥാനാർത്ഥി ഗംഗോത്രി കൂജൂറിനെ 23000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശില്‍പി മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത്.

ജൂൺ 23ന് നടന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള 3.5 ലക്ഷം വോട്ടർമാരിൽ 61 ശതമാനത്തിലധികം പേരും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി ശിൽപി നേഹ തിർക്കി 94,489 വോട്ടുകളാണ് നേടിയത്. ബിജെപി സ്ഥാനാർത്ഥി ഗംഗോത്രി കുജൂറിന് 71,202 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. മാന്ദർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 14 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 23,000 ത്തോളം വോട്ടുകൾക്കാണ് ബിജെപിയെ കോണ്‍ഗ്രസ് തകർത്തെറിഞ്ഞത്.

കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ പിതാവ് ബന്ധു തിർക്കിയെ എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിജെപിയുടെ രാഷ്ട്രീയ പ്രതികാരത്തിന് ഇരയായാണ് ബന്ധു തിര്‍ക്കിക്ക് എംഎല്‍എ സ്ഥാനം നഷ്ടമായത്. ജാർഖണ്ഡ് വികാസ് മോർച്ച (പ്രജാതാന്ത്രിക്) എംഎൽഎ ആയിരുന്ന ബന്ധു തിർക്കി ബിജെപിയിൽ ലയിക്കാനുള്ള പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. തുടർന്ന് കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി അദ്ദേഹത്തെ വേട്ടയാടുകയും കേസില്‍ അകപ്പെടുത്തി നിയമസഭാഗത്വം റദാക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് കോൺഗ്രസ് അദ്ദേഹത്തിന്‍റെ മകളെ സ്ഥാനാർത്ഥിയാക്കി മണ്ഡലം പിടിച്ചെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ചാം സ്ഥാനത്തായിരുന്ന കോണ്‍ഗ്രസിന്‍റെ വന്‍ മുന്നേറ്റത്തിനാണ് മാന്ദിർ സാക്ഷ്യം വഹിച്ചത്.