വിലക്കയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്; തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഏജീസ് ഓഫീസ് പിക്കറ്റിംഗ്

Jaihind Webdesk
Wednesday, July 27, 2022

തിരുവനന്തപുരം: രാജ്യത്ത് കുതിച്ചുയരുന്ന വിലക്കയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇന്ന് തിരുവനന്തപുരത്ത് നൂറുകണക്കിന് കോൺ​ഗ്രസ് പ്രവർത്തകർ ഏജീസ് ഓഫീസ് പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്‍റ് പാലോട് രവി എന്നിവരുടെ നേതൃത്വത്തിലാണ് എജീസ് ഓഫീസ് പിക്കറ്റ് ചെയ്യുക. കെപിസിസി, ഡിസിസി ഭാരവാഹികൾ പങ്കെടുക്കും. നൂറിലേറെ നേതാക്കൾ അറസ്റ്റ് വരിക്കും.

വിലക്കയറ്റത്തിന് ആക്കം കൂട്ടുന്ന കേന്ദ്ര സർക്കാരിന്‍റെ നടപടികളെ പിന്തുണയ്ക്കുകയാണ് കേരള സർക്കാരെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പെട്രോളിനും ഡീസലിനുമുള്ള അധിക നികുതി പിൻവലിച്ചാൽ തന്നെ കേരളത്തിൽ നിത്യോപയോ​ഗ സാധനങ്ങളുടെ വില കുറയും. എന്നാൽ സംസ്ഥാന സർക്കാർ നികുതി ഇളവ് അനുവദിക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപകമായി വലിയ പ്രക്ഷോഭത്തിനാണ് കോണ്‍ഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളുയർത്തി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധം കേന്ദ്ര സർക്കാരിന് ശക്തമായ താക്കീതായിരുന്നു. വരും ദിവസങ്ങളില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.