രാജസ്ഥാനില്‍ ‘ഗ്യാരണ്ടി യാത്ര’യുമായി കോണ്‍ഗ്രസ്; തികഞ്ഞ ആത്മവിശ്വാസത്തില്‍ പ്രചാരണം

Jaihind Webdesk
Wednesday, November 8, 2023

 

ജയ്പുര്‍: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കുറിച്ച് വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനായി രാജസ്ഥാനില്‍ കോണ്‍ഗ്രസ് ‘ഗ്യാരണ്ടി യാത്ര’ ആരംഭിച്ചു. കോണ്‍ഗ്രസിന്‍റെ ഏഴിന വാഗ്ദാനങ്ങള്‍ വിശദീകരിക്കുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായാണ് കോണ്‍ഗ്രസിന്‍റെ യാത്ര. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നേതൃത്വം നല്‍കുന്ന 12 ദിവസത്തെ യാത്ര ഒട്ടുമിക്ക നിയമസഭാമണ്ഡലങ്ങളിലൂടെയും കടന്നുപോകും. ഏകദേശം 4400 കിലോമീറ്ററുകള്‍ താണ്ടുന്ന യാത്രയില്‍ 250 കൂറ്റന്‍ സമ്മേളനങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്. വമ്പന്‍ റോഡ് ഷോയുടെ പകിട്ടോടെയാണ് ചൊവ്വാഴ്ച യാത്രയ്ക്ക് തുടക്കമായത്.

മോട്ടി ദോംഗ്രി ഗണേശ ക്ഷേത്രത്തിലെ പ്രാർത്ഥനയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ നേതൃത്വത്തില്‍ യാത്ര ആരംഭിച്ചത്. പദയാത്രയില്‍ നിരവധി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സംസ്ഥാന ചുമതലയുള്ള സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയും ബസിലായിരുന്നു യാത്ര. കഴിഞ്ഞ അഞ്ച് വര്‍ഷമായി കോണ്‍ഗ്രസ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന്  ഗെഹ്‌ലോട്ട് പറഞ്ഞു. കോൺഗ്രസ്  പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിലാണ് വോട്ട് തേടുന്നത്. കോണ്‍ഗ്രസിനെതിരെ ഒരു ഭരണവിരുദ്ധതയും കാണാനാകില്ലെന്നും തങ്ങള്‍ വാക്കു പാലിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് സർക്കാരില്‍ വിശ്വാസമുണ്ടെന്നും ഗെഹ്‌ലോട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പോരാട്ടം ബിജെപിക്ക് പകരം ഇഡിക്കും സിബിഐക്കും എതിരെയാണെന്നും മത്സരം കാഴ്ചവെക്കാനാകാതെ ബിജെപി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മറ്റ് കക്ഷികളെ പീഡിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഗെഹ്‌ലോട്ട് പരിഹസിച്ചു.

സ്ത്രീ വോട്ടുകള്‍ ലക്ഷ്യമിടുന്ന ഏഴ് വാഗ്ദാനങ്ങനാണ് കോണ്‍ഗ്രസ് പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്നത്. ഓരോ കുടുംബത്തിലെയും മുതിര്‍ന്ന സ്ത്രീക്ക് 10,000 രൂപ വാര്‍ഷിക അലവന്‍സ്, സബ്സിഡിയുള്ള ഗ്യാസ് സിലിണ്ടറുകള്‍, സര്‍ക്കാര്‍ കോളേജുകളിലെ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് അല്ലെങ്കില്‍ ടാബ്‌ലെറ്റുകൾ, സൗജന്യ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുയള്ള വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് രാജസ്ഥാനില്‍ മുന്നോട്ടുവെച്ചത്. ഇത് ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര ആവിഷ്കരിച്ചിരിക്കുന്നത്. ഡി