രാജസ്ഥാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം

Jaihind Webdesk
Sunday, September 5, 2021

ജയ്പൂര്‍ : രാജസ്ഥാനില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് മികച്ച വിജയം. മൂന്ന് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പുകളിൽ 1,564 പഞ്ചായത്ത് സമിതി സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍  കോണ്‍ഗ്രസ് 670 പഞ്ചായത്ത് സമിതി സീറ്റുകള്‍ പിടിച്ചപ്പോള്‍ പ്രതിപക്ഷമായ ബിജെപിക്ക് 551 സീറ്റുകളിലാണ് ജയിക്കാനായത്.

ഓഗസ്റ്റ് 26, ഓഗസ്റ്റ് 29, സെപ്റ്റംബര്‍ ഒന്ന് എന്നീ തീയതികളിലായി മൂന്ന് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ശനിയാഴ്ചയാണ് നടന്നത്. 1564 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 1562 ഇടങ്ങളില്‍ ഫലം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് 670 ലും ബിജെപി 551 സീറ്റിലും ജയിച്ചു. 290 സീറ്റുകളില്‍ സ്വതന്ത്രരാണ് ജയിച്ചത്. ഇതില്‍ 157 പേർ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ചവരാണെന്നാണ് വിവരം. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന്‍റെ നേട്ടം 827 സീറ്റുകളാകും. രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി 40 ഇടങ്ങളിലും ബിഎസ് പി 11 സീറ്റും നേടി.

200 ജില്ലാ പരിഷത്ത് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ 99 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചപ്പോള്‍ 90 സീറ്റുകള്‍ ബിജെപിയും നേടി. ബിഎസ് പി മൂന്ന് സീറ്റിലും സ്വതന്ത്രര്‍ എട്ട് സീറ്റിലും ജയിക്കുകയുണ്ടായി. കോൺഗ്രസിന്‍റെ മികച്ച വിജയത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പിസിസി പ്രസിഡന്‍റ് ഗോവിന്ദ് സിംഗ് ദൊതാസരയും പ്രവര്‍ത്തകരെയും നേതാക്കളെയും അഭിനന്ദിച്ചു.