രാജ്യം വീണ്ടും കോണ്‍ഗ്രസിന്‍റെ കൈകളിലേക്ക്; മെയ് 23 ന് കോണ്‍ഗ്രസ് അത്ഭുതം കാട്ടുമെന്ന് പ്രവചനം

Jaihind Webdesk
Friday, May 3, 2019

Priyanka-Roadshow

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തുമെന്നും 220 ല്‍ കൂടുതല്‍ സീറ്റുകള്‍ വിവിധ സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസിന് ലഭിക്കുമെന്നും ഇന്‍റേണല്‍ റിപ്പോര്‍ട്ട്. എട്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ജൈത്രയാത്ര നടത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒന്നാം യു.പി.എ സര്‍ക്കാരിന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ കോണ്‍ഗ്രസും പ്രത്യേകിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നടത്തിയ മുന്നേറ്റമാണ് വീണ്ടും അധികാരത്തിന്‍റെ വഴിയിലേക്ക് കോണ്‍ഗ്രസിനെ നയിക്കുന്നത്.

രാജ്യത്ത് മോദി തരംഗം ഇല്ലെന്നും മോദി വിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നതെന്നും ഇന്‍റേണല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മെയ് 23ന് കോണ്‍ഗ്രസ് അദ്ഭുതം ആവര്‍ത്തിക്കുമെന്നും രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നു. ഇതുവരെ വോട്ടെടുപ്പ് നടന്ന 302 ലോക്സഭാ മണ്ഡലങ്ങളില്‍ 60 ല്‍ താഴെ സീറ്റുകള്‍ മാത്രമേ ബി.ജെ.പിക്ക് നേടാന്‍ കഴിയുകയുള്ളൂ എന്ന് പ്രമുഖ ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 44 സീറ്റാണെങ്കില്‍ ഇതിന്‍റെ അഞ്ചിരട്ടി വരെ സീറ്റുകള്‍ ഇത്തവണ നേടി പാര്‍ട്ടി വിവിധ സംസ്ഥാനങ്ങളില്‍ തേരോട്ടം നടത്തുമെന്നും ഇന്‍റേണല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഇത്തവണ ഗുജറാത്ത് , രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക, മഹാരാഷ്ട്ര, കേരളം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കരുത്തുകാട്ടുമെന്നും ഇന്‍റേണല്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം ഒരു ഫീനിക്സ് പക്ഷിയെപ്പോലെ യു.പിയില്‍ കോണ്‍ഗ്രസിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വഴിയൊരുക്കുമെന്നാണ് സൂചനകള്‍.