മുനമ്പത്തെ സാധാരണക്കാര്‍ക്കൊപ്പം ഞങ്ങളണ്ടാകുമെന്നൊരു വാക്ക് കോണ്‍ഗ്രസ് നല്‍കി. ഞങ്ങളിപ്പോഴും ഉണ്ട്. ഞങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മുനമ്പത്തു ഡിസിസി സംഘടിപ്പിച്ച മുനമ്പം ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേറെ പലരേയും അവിടെ കാണാനില്ല . എന്തായിരുന്നു ബഹളം. പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസായിരുന്നു പ്രതി. കോണ്‍ഗ്രസിനെ എല്ലാവരും കുറ്റപ്പെടുത്തി. എന്നിട്ട് ബിജെപി നേതാക്കള്‍ വന്ന് ഇവിടെ തമ്പടിച്ച് എന്താണ് പറഞ്ഞത്? വഖഫ് ബില്‍ പാസായാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞത് ആരാണ്? എന്നിട്ട് എന്തായി? അതിനുള്ള മറുപടി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞിട്ടുണ്ട്. ഒരു കാര്യവുമില്ല എന്നാണ് അദ്ധേഹം പറഞ്ഞത്. കേന്ദ്രമന്ത്രിക്ക് താന്‍ നന്ദി പറയുന്നുവെന്നും അദ്ദേഹം സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞുവെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഞങ്ങളാരും ഇവിടെ നിന്ന് ഒളിച്ചോടിയിട്ടില്ല. ഇവിടെ തന്നെയുണ്ട്. ഈ ഭൂമി വഖഫ് അല്ല എന്ന നിലപാട് ആദ്യം എടുത്തത് ഞങ്ങളാണ്. പാര്‍ലമെന്റില്‍ നിയമം പാസായത് കൊണ്ട് മുനമ്പത്തെ ജനങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ല എന്നും ഞങ്ങള്‍ പറഞ്ഞു. അത് കേന്ദ്ര മന്ത്രി തന്നെ സമ്മതിച്ചു.
ഇതെല്ലാം വെള്ളത്തിലാക്കിയത് സംസ്ഥാന സര്‍ക്കാരാണ്. ഇത് വഖഫ് ഭൂമി അല്ല എന്നാണ് ഞങ്ങള്‍ നിലപാടെടുത്തത്. വഖഫ് ട്രൈബ്യൂണലില്‍ നിന്ന് അനുകൂല വിധി
ഉണ്ടേകേണ്ടതായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ എന്താണ് ചെയ്തത്? ട്രൈബ്യൂണലില്‍ നിന്ന് അനുകൂല വിധി വരുമെന്ന് കണ്ടപ്പോള്‍ സര്‍ക്കാര്‍ സ്റ്റേ വാങ്ങി .
അതായത് മുനമ്പത്തെ പാവപ്പെട്ടവര്‍ക്ക് അനുകൂലമായി വിധിയുണ്ടാകില്ല എന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തി.
പിണറായി സര്‍ക്കാരിന്റെ വഖഫ് ബോര്‍ഡ് പ്രതിപക്ഷ നേതാവിനെതിരെ പ്രസ്താവനയിറക്കി. അവര്‍ പറയുന്നത് അത് വഖഫ് ഭൂമി ആണെന്നാണ്. അവിടെ താമസിക്കുന്നവര്‍ കയ്യേറ്റക്കാര്‍ ആണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത് തികഞ്ഞ വഞ്ചനയാണ്. മുനമ്പത്ത്കാര്‍ക്ക് അനുകൂല വിധി വരുമെന്ന് കണ്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അത് അട്ടിമറിച്ചു. പിന്നില്‍ നിന്നാണ് പിണറായി കുത്തിയത്.
മുനമ്പം വിഷയം പത്ത് മിനിട്ട് കൊണ്ട് പരിഹരിക്കാം എന്ന് പറഞ്ഞപ്പോള്‍ താന്‍ പരിഹസിക്കപ്പെട്ടുവെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പത്ത് മിനിട്ട് കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ‘1995 ല്‍ കോണ്‍ഗ്രസ് പാസാക്കിയ നിയമമാണ് പ്രശ്‌നം എന്നാണ് ഇവര്‍ പറയുന്നത്. ആ നിയമം ഞാന്‍ പരിശോധിച്ചു. അദ്വാനിയും വാജ്‌പെയും ആ നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തവരാണ്’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സമുദായങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചുവെന്നും അതിന് സിപിഎം കുടപിടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ടി ജെ വിനോദ്, കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, നേതാക്കളായ അജയ് തറയില്‍, കെ പി ധനപാലന്‍, ഡോമിനിക് പ്രസന്റേഷന്‍, കെ പി ഹരിദാസ്, കെ എം സലിം ടോണി ചമ്മിണി, എം ആര്‍ അഭിലാഷ്, തമ്പി സുബ്രഹ്‌മണ്യം, മനോജ് മൂത്തേടന്‍, മുനമ്പം സന്തോഷ്, വി എസ് സോളിരാജ്, കെ എം പരീത്, എം ജെ ടോമി, റ്റിറ്റോ ആന്റണി, ജിന്റോ ജോണ്‍, ജോസഫ് ആന്റണി, അബ്ദുല്‍ ലത്തീഫ്, സിജോ ജോസഫ്, എ പി ആന്റണി, എ ജി സഹദേവന്‍, ഫ്രാന്‍സിസ് വലിയപറമ്പില്‍, എം എസ് റെജി തുടങ്ങിയവര്‍ സംസാരിച്ചു.