ഗാന്ധിയെ കൊന്നത് ആർഎസ്എസ് തന്നെയെന്ന് ഒരായിരം തവണ കോണ്‍ഗ്രസ് ഉറക്കെ വിളിച്ചുപറയും: രാഹുല്‍ മാങ്കൂട്ടത്തില്‍

Wednesday, January 31, 2024

 

മലപ്പുറം: ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് തന്നെയാണെന്ന് ഒരായിരം തവണ കോണ്‍ഗ്രസ് ഉറക്കെ വിളിച്ചു പറയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഗാന്ധിജിയെ ക്രൂശിക്കുന്ന കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്കും സംഘപരിവാറിനും തുല്യ പങ്കുണ്ടായിരുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മലപ്പുറത്ത് പറഞ്ഞു.

ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് എന്ന മുദ്രാവാക്യമുയര്‍ത്തി മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം രാഹുല്‍ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിജിക്കും അദ്ദേഹത്തിന്‍റെ പ്രത്യയശാസ്ത്രത്തിനും പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പിന്‍ബലം ഉള്ളതുകൊണ്ടാണ് ഗാന്ധിജിയെ കൊന്നവര്‍ക്ക് കൊന്നു എന്നു പറയുന്നത് കേള്‍ക്കുമ്പോള്‍ ജാള്യതയും അറപ്പുമുണ്ടാകുന്നത്. ഭരണമല്ല കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്നും ഈ രാജ്യത്തെ മതേതരത്വം നിലനിര്‍ത്തുക എന്ന ഏറ്റവും വലിയ പോരാട്ടത്തിന്‍റെ മുന്നണിയിലാണ് കോണ്‍ഗ്രസ് എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ശരീരത്തെ കാര്‍ന്നു തിന്നുന്ന വൈറസുകളെ പോലെ രാജ്യത്തെ നശിപ്പിക്കുന്ന ഭീകരമായ വൈറസാണ് ആര്‍എസ്എസ് എന്ന് തമിഴ് എഴുത്തുകാരിയും ഡിഎംകെ വക്താവുമായ സല്‍മ പറഞ്ഞു. മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഹാരിസ് മുതൂര്‍ അധ്യക്ഷനായി. ഡിസിസി പ്രസിഡന്‍റ് അഡ്വ. വി.എസ്. ജോയ്, കെപിസിസി ജറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, പി.ടി. അജയ് മോഹൻ തുടങ്ങിയവര്‍ സംസാരിച്ചു.