ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കും: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Sunday, June 14, 2020

ഇന്ധവില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്കെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അടിക്കടിയുള്ള ഇന്ധനവില വര്‍ധനവിന്‍റെ കെടുതി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളമാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാ സാധനങ്ങളും നാം സംസ്ഥാനത്തിന് പുറത്ത് നിന്നാണ് ഇങ്ങോട്ട് കൊണ്ടുവരുന്നത്. ഇന്ധനവില വര്‍ധനവിന്‍റെ ഫലമായി ഇവയുടെ വില കുത്തിച്ചുയരും. ഇത് സാധാരണക്കാരുടേയും ഇടത്തരക്കാരുടേയും ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നതില്‍ സംശയമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

വൈദ്യുതി ബില്ലിന്‍റെ പേരില്‍ കേരള സര്‍ക്കാരും ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാരും കേരള ജനതയെ ശ്വാസംമുട്ടിച്ച് കൊല്ലുകയാണ്. കേരള സര്‍ക്കാരിന്‍റെ അമിത വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ ജൂണ്‍ 16ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരമുഖത്താണ്. അന്ന് തന്നെ ഇന്ധനവില വര്‍ധനവിനെതിരെയുള്ള കേരള ജനതയുടെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാനുമുള്ള സമരവേദിയായി സമരത്തെ കോണ്‍ഗ്രസ് മാറ്റും. വരും ദിവസങ്ങളില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും മുല്ലപ്പള്ളി അറിയിച്ചു.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞു നില്‍ക്കുമ്പോള്‍ തുടര്‍ച്ചായി എട്ടാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്നു. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് നിന്നപ്പോള്‍ ഇന്ധവില വര്‍ധിക്കാതിരിക്കുന്നതിനുള്ള ഇടപെടലുകളാണ് യുപിഎ സര്‍ക്കാര്‍ നടത്തിയത്. യുപിഎ സര്‍ക്കാര്‍ 1,25,000 കോടി രൂപയാണ് അന്ന് സബ്‌സിഡി നല്‍കിയത്. വര്‍ധിപ്പിച്ച ഇന്ധന വിലയുടെ നികുതിയിലൂടെ ലഭിക്കുമായിരുന്ന 619.17 കോടി രൂപയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വേണ്ടെന്നു വച്ചത്. അതേ മാതൃക പിന്തുടരാന്‍ ഇപ്പോഴത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

എട്ടുദിവത്തെ തുടര്‍ച്ചയായ വര്‍ധനവിന്‍റെ ഫലമായി പെട്രോളിന് 4 രൂപ 53 പൈസയും ഡീസലിന് 4 രൂപ 41 പൈസയുമാണ് കൂട്ടിയത്. നിലവില്‍ നികുതി ഇനത്തില്‍ പെട്രോളിന് 49 രൂപ 97 പൈസയും ഡീസലിന് 48രൂപ 73 പൈസയുമാണ് ഈടാക്കുന്നത്. യഥാര്‍ത്ഥത്തില്‍ പെട്രോളിന് 17 രൂപ 96 പൈസയും ഡീസലിന് 18 രൂപ 49 പൈസയും മാത്രമാണ് അടിസ്ഥാന വില. ബാക്കിയുള്ളത് നികുതികളും എണ്ണകമ്പനികളുടെ ലാഭവുമാണ്. ജൂണ്‍ 13 ശനിയാഴ്ച പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് വര്‍ധിച്ചത്. ഇതിന്‍റെ ഫലമായി കേരളത്തില്‍ ഇന്ന് പെട്രോളിന്‍റെ വില 76 രൂപ 24 പൈസയും ഡീസലിന്‍റെ വില 70 രൂപ 40 പൈസയുമായി കുതിച്ചു കയറി.

2014 ല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് ബാരലിന് 109 ഡോളറായപ്പോള്‍പ്പോലും 77 രൂപയായിരുന്നു പെട്രോള്‍ വില. 2014ല്‍ പെട്രോളിന് എക്‌സൈസ് നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയും ആയിരുന്നത് ഇപ്പോള്‍ യഥാക്രമം 32.98 രൂപയും 31.83 രൂപയുമായി കുതിച്ചു കയറി. സംസ്ഥാന നികുതി യഥാക്രമം 16.99 രൂപയും 16.90 രൂപയുമായി അഞ്ചിരട്ടിയോളമായി.

ക്രൂഡോയിലിന്‍റെ വില ഈ വര്‍ഷം കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കുത്തനെ ഇടിഞ്ഞിട്ടും അതിന്‍റെ ഗുണഫലം ഇന്ത്യന്‍ വിപണിയില്‍ ലഭിച്ചില്ല. കഴിഞ്ഞ ഏപ്രിലില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 19.9 ഡോളറായി. അപ്പോഴാണ് കേന്ദ്രം റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഒറ്റയടിക്കു വര്‍ധിപ്പിച്ചത്. ക്രൂഡോയില്‍ വില ചെറിയതോതില്‍ വര്‍ധിച്ചാല്‍ ദൈനംദിന വിലനിര്‍ണ്ണയത്തിന്‍റെ പേരില്‍ ഇന്ധനവില കൂട്ടുകയും ചെയ്യുന്ന കാട്ടുനീതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. നിലവിലെ ഈ വര്‍ധനവ് തുടരുകയാണെങ്കില്‍ ഇന്ധനവില 100 രൂപ കടക്കുമെന്നതാണ് വസ്തുതയെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് മാത്രം മോദി സര്‍ക്കാര്‍ 2.5 ലക്ഷം കോടി രൂപയാണ് ഇന്ധനവിലയിലൂടെ മാത്രം ശേഖരിച്ച് ജനങ്ങളെ കൊള്ളയടിച്ചത്. രാജ്യം മഹാമാരിയെ നേരിടുകയും ജനങ്ങള്‍ സാമ്പത്തികമായി പ്രതിസന്ധി നേരിടുകയും ചെയ്യുന്ന അവസരത്തിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മനുഷ്യത്വം ഇല്ലാത്ത ഈ നടപടി. എണ്ണ കുത്തക കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കും കൊള്ളലാഭം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്യുന്നു. സാധാരണക്കാരെ കണ്ടില്ലെന്ന് നടിക്കുന്നു. ഇരു സര്‍ക്കാരും കൊവിഡ് മഹാമാരിയേക്കാള്‍ രാജ്യത്ത് ഭീകരമായ ദുരന്തമാണ് വരുത്തിവയ്ക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.