കൊവിഡ് സർവകക്ഷിയോഗം കോണ്‍ഗ്രസ് ബഹിഷ്കരിക്കും

Jaihind Webdesk
Tuesday, July 20, 2021

കൊവിഡ് സർവകക്ഷി യോഗം ബഹിഷ്കരിച്ച് കോൺഗ്രസ്. സഭാ നേതാക്കളെ മാത്രം വിളിച്ചല്ല യോഗം നടത്തേണ്ടതെന്ന് മല്ലികാർജുന ഖാർഗെ പറഞ്ഞു. എല്ലാ എംപിമാർക്കും കാര്യങ്ങൾ പറയാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് വൈകുനേരം ആറ് മണിക്കാണ് പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിച്ചത്. അകാലിദളും യോഗം ബഹിഷ്കരിക്കും. കർഷക സമരത്തിൽ പ്രധാനമന്ത്രി ചർച്ച നടത്താത്ത സാഹചര്യത്തിലാണ് അകാലിദൾ യോഗം ബഹിഷ്കരിക്കുന്നത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍, വാക്സിൻ വിതരണം എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. കൊവിഡ് മൂന്നാംതരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരുന്നത്. കഴിഞ്ഞാഴ്ച രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തിയിരുന്നു.

അതേസമയം പെഗാസസ് ഫോൺചോർത്തൽ വിവാദത്തിൽ പാർലമെന്‍റിൽ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമായി. രാജ്യസഭയിൽ കൊവിഡ് പ്രതിരോധം ചർച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.