അടിച്ചമർത്താന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് തളരില്ല; മോദി മൂഢ സ്വർഗത്തിലെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Tuesday, July 26, 2022

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിലും പ്രതിഷേധിച്ച് മോദി സർക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തെ അടിച്ചമർത്താന്‍ ശ്രമിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. എത്ര അടിച്ചമർത്താൻ നോക്കിയാലും രാജ്യവ്യാപക പ്രക്ഷോഭങ്ങളുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ മണ്ണിൽ ജനങ്ങളുടെ ശബ്ദമാകും. നേതാക്കളെ വേട്ടയാടിയാൽ കോൺഗ്രസ് തളരുമെന്ന് കരുതുന്ന നരേന്ദ്രമോദി മൂഢസ്വർഗത്തിലാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതികരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്‍റ്.

കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും എതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട രാഹുൽജിയ്ക്കും മറ്റ് കോൺഗ്രസ്സ് നേതാക്കൾക്കുമൊപ്പം ഡൽഹി കിംഗ്സ് വേ പോലീസ് സ്റ്റേഷനിൽ.
രാജ്യത്താകമാനം പാവപ്പെട്ട ജനം മോദി സർക്കാരിൻ്റെ ജനദ്രോഹനയങ്ങളിൽ വലയുകയാണ്. എത്ര അടിച്ചമർത്താൻ നോക്കിയാലും രാജ്യവ്യാപക പ്രക്ഷോഭങ്ങളുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ മണ്ണിൽ ജനങ്ങളുടെ ശബ്ദമാകും. നേതാക്കളെ വേട്ടയാടിയാൽ കോൺഗ്രസ് തളരുമെന്ന് കരുതുന്ന നരേന്ദ്രമോദി മൂഢസ്വർഗ്ഗത്തിലാണ്.