ഐസിസി ജനറൽ സെക്രട്ടറി ആയുള്ള പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവ് ഹിന്ദി ഹൃദയഭൂമിയിൽ കരുത്ത് പകരുന്നമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഈ പുതിയ സ്ഥാനാരോഹണത്തിന് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്.
സംഘപരിവാറിന്റെ ശക്തികേന്ദ്രമായ ഉത്തർ പ്രദേശിലൂടെ പ്രിയങ്ക ഗാന്ധിയെന്ന നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് വെയ്ക്കുമ്പോൾ് നെഞ്ചിടിപ്പുയരുന്നത് ബി.ജെ.പി ക്യാമ്പുകളിലാണ്. ബാബ്‌റി മസ്ജിദിന്റെ തകർച്ചയ്ക്ക് ശേഷം പ്രാദേശിക രാഷ്ട്രീയം കൊടികുത്തി വാഴുന്ന യു.പിയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ദൗത്യമാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്.
തെരെഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ നടത്താനും ക്ഷണനേരത്തിൽ തീരുമാനമെടുത്തു നടപ്പാക്കാനുമുള്ള കഴിവിനൊപ്പം വമ്പൻ പൊതുയോഗങ്ങളിൽ എത്തുന്ന ജനങ്ങളെ ആകർഷിക്കാനുള്ള കഴിവും ഉരുക്കു വനിതയെന്ന് അറിയപ്പെട്ടിരുന്ന ഇന്ദിരാ ഗാന്ധിയുടെ പിൻമുറക്കാരിക്ക് അനായസമായി സാധിക്കുമെന്നതും പ്രിയങ്കയ്ക്ക് മുതൽക്കൂട്ടാവും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസി ഉൾപ്പെടുന്ന കിഴക്കൻ യു.പിയിലേക്ക് ചുവടുവെച്ചപ്പോൾ പ്രിയങ്കയ്‌ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തി മോദി തന്നെ രംഗത്തിറങ്ങിയതും സംഘപരിവാർ – ബി.ജെ.പി പക്ഷത്തെ കടുത്ത ആശങ്കയാണ് വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ബി.ജെ.പിയെ തറപറ്റിച്ച് മിന്നുന്ന വിജയം നേടിയ കോൺഗ്രസ് യു.പിയിലും അതാവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഒരു ഭാഗത്ത് ബി.ജെ.പിക്കെതിരെ മിന്നലാക്രമണം ശക്തിപ്പെടുത്തുന്നതിനൊപ്പം മറുഭാഗത്ത് എസ്.പി- ബി.എസ്.പി കക്ഷികളുടെ ജാതി- പ്രാദേശിക വാദത്തെ തടയുകയും ചെയ്യുന്ന ഇരുതല മൂർച്ചയുള്ള തന്ത്രമാവും പ്രിയങ്ക രൂപപ്പെടുത്തുക. വരുന്ന പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ദേശീയ കാഴ്ച്ചപ്പാട് പകർന്ന് നൽകി കോൺരഗസ് പ്രചാരണ തന്ത്രത്തിന്റെ കവചകുണ്ഡലങ്ങൾ ഒരുക്കുമ്പോൾ ബി.ജെ.പി പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന ആദിത്യനാഥ്- അമിത് ഷാ- മോദി അച്യുതണ്ട് ഏതാണ്ട് പൂർണ്ണമായും തൂത്തെറിയപ്പെട്ടേക്കുമെന്ന വിലയിരുത്തിലുമുണ്ട്. ഉത്തർ പ്രദേശിലെ ജാതി രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്നതിനൊപ്പം ബി.ജെ.പിയുടെ അപ്രമാദിത്വം ഇല്ലാതാക്കാൻ കോൺഗ്രസ് നടത്തുന്ന നീക്കത്തിൽ പ്രിയങ്കയ്‌ക്കൊപ്പം മധ്യപ്രദേശിന്റെ യുവരക്തം ജ്യോതിരാദിത്യ സിന്ധ്യ കൂടി ചേരുന്നതോടെ പാർട്ടി പ്രവർത്തകർ വലിയ പ്രതീക്ഷയിലാണ്. ഇവർക്ക് പുറമേ രാഹുൽ ഗാന്ധിയും സോണിയയും പ്രചാരണരംഗത്ത് സജീവമാകുന്നതോടെ ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ മാറ്റങ്ങളാണ് ഉത്തർരപദേശിലെ തെരെഞ്ഞെടുപ്പു ഫലത്തിലൂടെ പ്രതീക്ഷിക്കപ്പെടുന്നത്.