K.MURALEEDHARAN| ‘സ്വര്‍ണം കട്ട കള്ളന്‍മാരെ പിടിക്കുന്നത് വരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടരും’; കെ.മുരളീധരന്‍

Jaihind News Bureau
Tuesday, October 14, 2025

ശബരിമല വിഷയത്തില്‍ 2018ലെ യുവതി പ്രവേശന വിധി വന്നപ്പോള്‍ അന്ന് മുതല്‍ ഇന്ന് വരെ വിശ്വാസികള്‍ക്കൊപ്പം നിന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.മുരളീധരന്‍. പിണറായി വിജയന്‍ നടത്തിയ അയ്യപ്പ സംഗമം എട്ട് നിലയില്‍ പൊട്ടിയെന്നും അയ്യപ്പന്റെ സ്വത്ത് തൊട്ടാല്‍ തൊട്ടവന്റെ കൈ പൊള്ളിയിട്ടുണ്ടെന്നും അദ്ദേഹം കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നടന്ന വിശ്വാസ സംരക്ഷണ യാത്രയില്‍ പറഞ്ഞു. ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ മേഖല ജാഥകള്‍ക്ക് ഇന്ന് തുടക്കമായി. കാസര്‍കോട് നി്ന്നുള്ള യാത്ര് കെ.മുരളീധരനാണ് നയിച്ചത്.

അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത ആ സാമി പറഞ്ഞത് വാവര് കള്ളന്‍ ആണെന്നാണ്. മുഖ്യമന്ത്രിക്ക് ചെറിയ തോതില്‍ ചിത്തഭ്രമം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ഭരണം ഏറ്റെടുത്തപ്പോള്‍ പറഞ്ഞത് തന്റെ ഭരണത്തില്‍ അവതാരം ഉണ്ടാവില്ലെന്നാണ്. പോറ്റിയെ പോലുള്ള അവതാരമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. സ്വര്‍ണ്ണം മോഷണത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാത്രമല്ല പ്രതികള്‍. ബോര്‍ഡ് അംഗങ്ങളും പ്രതിയാണ്. ശബരിമല സ്വര്‍ണ്ണം മോഷണ കേസില്‍ ബിനോയ് വിശ്വം എന്ത് കൊണ്ട് വായ തുറക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ശബരിമല സ്വര്‍ണം മോഷണം ദേവസ്വം മന്ത്രി രാജിവെക്കണം. ദേവസ്വം ബോര്‍ഡ് പിരിച്ച് വിടണം. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണം. സി ബി ഐ ഒറ്റയ്ക്ക് അന്വേഷിച്ചാല്‍ മതിയാവില്ലെന്നും സ്വര്‍ണം കട്ട കള്ളന്‍മാരെ പിടിക്കുന്നത് വരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം കാഞ്ഞങ്ങാട് പറഞ്ഞു.