മലപ്പുറം : മഹാത്മജിയുടെ പൈതൃകത്തിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞാലേ നമുക്ക് കോൺഗ്രസിനെ വീണ്ടെടുക്കാനാകൂ എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. മലപ്പുറത്ത് നടന്ന കോൺഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അലങ്കാരത്തിനായി അധികാരസ്ഥാനങ്ങൾ പങ്കുവെക്കുന്ന രീതിയിൽ മാറ്റം വന്നേ മതിയാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാമങ്ങളിലേക്ക് മടങ്ങി അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു കൊണ്ട് കോൺഗ്രസിനെ ശക്തമാക്കാൻ വേണ്ട പ്രവർത്തനമാണ് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയിലൂടെ നടത്താൻ പരിശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇതിന് എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരായ പി.ടി തോമസ് എംഎൽഎ, കൊടിക്കുന്നിൽ സുരേഷ് എംപി, എഐസിസി സെക്രട്ടറി പി.വി മോഹൻ, എ.പി അനിൽ കുമാർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ഇ മുഹമ്മദ് കുഞ്ഞി, കെപിസിസി ഭാരവാഹികളായ പി.ടി അജയ് മോഹൻ, കെ.പി അബ്ദുൽ മജീദ്, വി ബാബുരാജ്, കെ.പി നൗഷാദ് അലി, സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ഫാത്തിമാ റോഷ്ന എന്നിവർ സംസാരിച്ചു. അസീസ് ചിരാൻ തൊടി സ്വാഗതവും സമദ് മങ്കട നന്ദിയും പറഞ്ഞു. കെപിസിസി മെംബര്‍മാര്‍, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ നേതൃസംഗമത്തില്‍ പങ്കെടുത്തു.