കർഷകദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് എന്നും നിലകൊള്ളും; കർഷകരുമായി സംവദിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, September 27, 2022

 

മലപ്പുറം: കർഷകരോട് എന്നും അനുഭാവപൂർണമായ സമീപനമാണ് കോൺ​ഗ്രസ് സർക്കാരുകൾ പുലർത്തിയിരുന്നതെന്ന് രാഹുൽ ​ഗാന്ധി. ഇപ്പോഴത്തെ ഭരണാധികാരികൾ കർഷകരെ തീർത്തും അവ​ഗണിക്കുകയാണ്. മലപ്പുറം ജില്ലയിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ എംഎസ്ടിഎം കോളേജ് ലൈബ്രറി ഹാളിൽ കർഷകരുടെ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കാർഷികോത്പന്നങ്ങൾക്ക് ന്യായ വില ലഭിക്കുന്നതിനും അടുത്തിടെ കൊണ്ടുവന്ന കർഷക ദ്രോഹ നിയമങ്ങൾ മരവിപ്പിക്കുന്ന
തിലും കോണ‍​ഗ്രസ് കർഷകർക്കൊപ്പം നിന്ന കാര്യം രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി. മേലിലും കർഷകർ ഉയർത്തുന്ന പ്രശ്നങ്ങളിൽ അവർക്കൊപ്പം തന്നെ നിലയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റബറിന്‍റെ വിലത്തകർച്ച ​ഗൗരവമുള്ള വിഷയമാണ്. കാർഷികോത്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കണം.  ഇതിനായി നിയമ നിർമാണത്തിന് കോൺ​ഗ്രസ് മുന്നിട്ടിറങ്ങും.

റബറിന്‍റെ വിലത്തകർച്ച, നാളീകേരം അടക്കമുള്ള ഉത്പന്നങ്ങളുടെ താങ്ങുവില, പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വെല്ലുവിളികൾ, വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഉണ്ടാക്കുന്ന ജീവഹാനി അക്കമുള്ള പ്രശ്നങ്ങൾ തുടങ്ങിയവ കർഷകർ ഉന്നയിച്ചു. മതിയായ നഷ്ടപരിഹാരം നൽകാതെ കൃഷിഭൂമി ഏറ്റെടക്കുന്നിനെതിരെയും പരാതി ഉയർന്നു. ​ഗ്രാമീണ മേഖലയിലെ ഭൂമിക്ക് മാർക്കറ്റ് വിലയുടെ നാലിരട്ടിയും അർബൻ മേഖലയിൽ മാർക്കറ്റ് വിലയുടെ ഇരട്ടിയും നൽകണമെന്ന് രാഹുൽ ​ഗാന്ധി അഭിപ്രായപ്പെട്ടു. കോൺ​ഗ്രസിന്‍റെ കൈയിൽ ഇപ്പോൾ അധികാരമില്ല. അതുകൊണ്ട് ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാർട്ടിയായി പ്രവർത്തിക്കും. പാർലമെന്‍റിനുള്ളിൽ കർഷകർക്കു വേണ്ടി ശക്തമായി വാദിക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

വയനാട്, ഇടുക്കി, കാസർ​ഗോഡ്, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുള്ള കർഷകരണ് ചർച്ചയിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മാധ്യമവിഭാഗത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്, എംഎല്‍എമാരായ ടി സിദ്ദിഖ്, പി.സി വിഷ്ണുനാഥ്, കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം എന്നിവരും സന്നിഹിതരായിരുന്നു.