K.MURALEEDHARAN|’കോണ്‍ഗ്രസ് എന്നും വിശ്വാസികള്‍ക്ക് ഒപ്പം’ ; ഇപ്പോള്‍ നടന്നത് ഒന്നാംഘട്ട സമരം മാത്രമെന്നും കെ.മുരളീധരന്‍

Jaihind News Bureau
Saturday, October 18, 2025

പിണറായി സര്‍ക്കാര്‍ സ്റ്റണ്ടും സെക്‌സും നിറഞ്ഞ ഒരു സിനിമയായി മാറിയിരിക്കുന്നുവെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.മുരളീധരന്‍. വിശ്വാസ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണ്. സ്വര്‍ണ്ണക്കൊള്ളയില്‍ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പന്തളത്ത് സമാപിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബര്‍ 14 ന് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നാരംഭിച്ച മേഖലാ ജാഥയുടെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.

ഈ അന്വേഷണത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല. ആചാരലംഘനം ദേവസ്വം മന്ത്രിയുടെ വകുപ്പില്‍ പെട്ടതാണ് എന്ന ധാരണയിലാണ് വാസവന്‍ പ്രവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരും വരെ കോണ്‍ഗ്രസും യുഡിഎഫും പ്രക്ഷോഭം തുടരും. ഇപ്പോള്‍ നടന്നത് ഒന്നാംഘട്ട സമരം മാത്രം. സ്വര്‍ണ കൊള്ളയില്‍ ചില വ്യക്തികളെ മാത്രം പ്രതിയാക്കി രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതരുതെന്നും സ്വാമിയെ ഭരണമയ്യപ്പ എന്നാണ് പിണറായിയുടെ മുദ്രാവാക്യമെന്നും അദ്ദേഹം പരിഹസിച്ചു.